മൂവാറ്റുപുഴ: നിയമങ്ങൾ കാറ്റിൽ പറത്തി ചീറിപ്പായുന്ന ലോറികൾക്കെതിരേ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. ദിനംപ്രതി ക്വാറികളിൽനിന്നും മറ്റുമെത്തുന്ന ലോറികൾ അപകടങ്ങൾ വരുത്തിവച്ചിട്ടും പോലീസോ മോട്ടോർ വാഹന വകുപ്പോ നടപടി സ്വീകരിക്കാത്തതിൽ ജനരോഷം ശക്തമായിരിക്കുകയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തൃക്കളത്തൂരിൽ അലക്ഷ്യമായി കരിങ്കല്ല് കയറ്റി വന്ന ടോറസ് നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്നു ഹൈവേ പോലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കല്ലുകൾ റോഡിൽ വീഴുന്ന തരത്തിലാണ് ടോറസിൽ ലോഡ് കയറ്റിയിരുന്നത്. അമിതമായി ലോഡ് കയറ്റുന്നതു മൂലം ലോറിയുടെ പിൻവശത്തെ വാതിൽ അകന്നു കല്ലുകൾ റോഡിൽ പതിക്കാവുന്ന നിലയിലായിരുന്നു.
സ്കൂൾ സമയങ്ങളിൽ ടിപ്പർ, ടോറസ് അടക്കമുള്ള ലോറികൾ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കരുതെന്ന നിയമങ്ങളും പലപ്പോഴും പാലിക്കാറില്ല. രാവിലെയും വൈകുന്നേരങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിലടക്കം ടോറസ് ലോറികൾ സർവീസ് നടത്തരുതെന്ന കർശന നിർദ്ദേശമുണ്ടെങ്കിലും പാലിക്കാറില്ലെന്നു നാട്ടുകാർ പറയുന്നു. ഭാരവാഹനങ്ങൾ ഓടിക്കുന്നതിനു കൃത്യമായ സമയം സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും നിയമം പലപ്പോഴും പാലിക്കപെടാറില്ല. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
ലോറികളുടെ അമിതവേഗതമൂലം നിരവധി ജീവനുകളാണ് കഴിഞ്ഞ നാളുകളിൽ പൊലിഞ്ഞിട്ടുള്ളത്. പാറമടകളിൽ നിന്നുള്ള ഇത്തരം വാഹനങ്ങൾ നിയമങ്ങൾ ലംഘിച്ചു നടത്തുന്ന മരണപ്പാച്ചിലാണ് അപകടങ്ങൾക്കു വഴിയൊരുക്കുന്നത്. മോട്ടോർ വാഹന വകുപ്പും പോലീസും രാപകലെന്നോണം നിരത്തുകളിൽ പരിശോധന നടത്തുന്നുണ്ടെങ്കിലും ഇവയെ നിയന്ത്രിക്കാൻ കഴിയാത്തതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്വകാര്യ ബസുകളും സ്കൂൾ ബസുകളുമടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന റോഡിലൂടെ ലോറികളുടെ അമിത വേഗതയ്ക്കെതിരേ നാളുകളായി പരാതികൾ നിലനിൽക്കുന്നുണ്ട്. നാട്ടുകാർ മോട്ടോർ വാഹന വകുപ്പിലും പോലീസിലും പലവട്ടം പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപം ശക്തമാണ്.