കോഴിക്കോട്: ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ആള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) ജൂലൈ 20 മുതല്‍ അനിശ്ചിതകാല ലോറി പണിമുടക്ക് നടത്തുന്നു.
സമരത്തിന്റെ മുന്നോടിയായി അടുത്ത മാസം 10 മുതല്‍ ട്രാന്‍സ്പോര്‍ട്ട് ബുക്കിംഗ് നിര്‍ത്തിവയ്ക്കും. ലോറി ഉടമകള്‍ ,ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി, തൊഴിലാളികള്‍ ഉള്‍പ്പെടെ ചരക്ക്ഗതാഗതവുമായി ബന്ധപ്പെട്ടുള്ളവര്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന് പിന്തുണയ്ക്കും. കേരളത്തിലെ ലോറി, മിനിലോറികള്‍ , ടിപ്പര്‍, കണ്ടെയ്നര്‍, എല്‍പിജി ഉത്പന്നങ്ങള്‍ കൊണ്ടുപോവുന്ന ടാങ്കറുകള്‍ തുടങ്ങിയവയും പണിമുടക്കുമെന്ന് ലോറി ഓണേഴ്സ് വെല്ഫെയര്ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ ചരക്ക് മേഖലയിലുള്ള ഒരു കോടിയോളം വാഹനങ്ങളാണ് പണിമുടക്കുന്നത്. കേരളത്തില്‍ മാത്രം രണ്ടരലക്ഷം ചരക്കു വാഹനങ്ങളാണ് പണിമുടക്കുന്നത്. രാജ്യം മുഴുവന്‍ ഡീസലിന് ഏകീകൃത വില നിശ്ചയിക്കുക, മൂന്നുമാസത്തിലൊരിക്കല്‍ മാത്രം വില ക്രമീകരണം നടപ്പാക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് വര്‍ധന സുതാര്യമാക്കി വര്‍ധന പിന്‍വലിക്കുക, രാജ്യത്തെ റോഡുകള്‍ ടോള്വിമുക്തമാക്കുക, ആര്‍ടിഒ പോലീസ് അതിക്രമങ്ങളും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാലസമരം ആരംഭിക്കുന്നത്.
ഡീസലിന്റെ ഓരോദിവസവുമുള്ള വിലവര്‍ധനവ് ചരക്കുഗതാഗതത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. കൂടാതെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് തുകയും മാനദണ്ഡം പോലും പാലിക്കാതെയാണ് വര്‍ധിപ്പിക്കുന്നത്. ഓരോവര്‍ഷവും 20 മുതല്‍ 40 ശതമാനം വരെയാണ് ഇന്‍ഷൂറന്‍സ് തുക വര്‍ധിപ്പിക്കുന്നത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ചരക്കുമായി പോവുന്ന ലോറികള്‍ 10000 മുതല്‍ 12000 രൂപവരെ ടോള്‍ നല്‍കുന്നുണ്ട്.
സമീപഭാവിയില്‍ കേരളത്തിലും ടോള്‍ സംവിധാനം കൂടുതലായി വരും. ഈ സാഹചര്യത്തില്‍ ടോളുകള്‍ പൂര്‍ണമായും ഇല്ലാതാക്കണം. ചരക്കുമായി വരുന്ന വാഹനങ്ങളോട് ക്രൂരമായാണ് ആര്‍ടിഒ, പോലീസ് വിഭാഗങ്ങള്‍ പെരുമാറുന്നത്.
പരിശോധനയുടെ പേരില്‍ വഴിയില്‍ തടഞ്ഞ് പീഡിപ്പിക്കുകയാണെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന് , പ്രസിഡന്റ് കെ.കെ. ഹംസ, വൈസ് പ്രസിഡന്റ് എന്‍.കെ.സി. ബഷീര്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍ . അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.