വിഴിഞ്ഞം: ഉത്സവം കഴിഞ്ഞ് ആനെയും കൊണ്ടുപോയ ലോറി അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രിയിൽ കോവളം കഴക്കൂട്ടം-ബൈപാസിന്റെ ബൈറോഡിൽ മുക്കോല കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം .
മണ്ണന്തലയിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുളത്തൂർ സ്വദേശി രാജാറാമിന്റെ ശിവനാരായണൻ എന്ന ആനയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
സർവീസ് റോഡിന്റെ കുത്തനെയുള്ള കയറ്റത്തിന്റെ മുകളിൽ എത്തുന്നതിനിടയിൽ ലോറിയുടെ നിയന്ത്രണം തെറ്റി ലോറി ആനയുമായി താഴെക്കുരുണ്ടു.
തുടർന്ന് ഡ്രൈവർ പാപ്പച്ചൽ ലോറിയെ ഡിവൈഡറിലേക്ക് വെട്ടിത്തിരിച്ചു കയറ്റി.
ഈ സമയം തൊട്ട് പിന്നിൽവന്ന വാഹനങ്ങളും യാത്രക്കാരും അപകടത്തിൽപ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടു.
ഡിവൈഡറിന്റെ മാത്രം പിൻബലത്തിൽ ചരിഞ്ഞ് നിന്ന ലോറിയിൽ അകപ്പെട്ട ആന ഓടാതിരിക്കാൻ പാപ്പാൻമാർ ഏറെ പരിശ്രമിച്ചു.
വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തി. വൻകുഴിയിലേക്ക് പതിക്കാൻ പാകത്തിൽ നിന്ന വാഹനത്തെ ഫയർഫോഴ്സ് അധികൃതർ ഏറെ സാഹസപ്പെട്ട് വടങ്ങൾ കൊണ്ട് കെട്ടി നിർത്തി.തുടർന്ന് ആനയെ പുറത്തിറക്കി.
മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലെന്ന് കണ്ടതോടെ ആനയെ റോഡിലൂടെ നടത്തി നാട്ടിൽ എത്തിച്ചു. ബൈപാസിന്റെ ബൈറോഡുകൾ അശാസ്ത്രീയവും അപകടക്കെണിയുമാണെന്ന് നാട്ടുകാർ പറയുന്നു.