ആമ്പല്ലൂർ: നിയന്ത്രണംവിട്ട ടാങ്കർ ലോറി ഇടിച്ചുകയറി ട്രാൻസ്ഫോർമർ തകർന്നു. ഇന്നു പുലർച്ചെ നാലരയോടെയാണ് ആമ്പല്ലൂർ സൺറൈസ് പെയിന്റ്സിനും മിൽമയ്ക്കും സമീപത്തെ ട്രാൻസ്ഫോർമറിലാണ് തിരുവനന്തപുരത്തുനിന്നും റിഫൈനറിയിലേക്ക് വരികയായിരുന്ന ടാങ്കർ ലോറി ഇടിച്ചത്.
ആമ്പല്ലൂർ കവല കഴിഞ്ഞുള്ള വളവുകൾ അപകട സാധ്യതയുള്ളതാണ്. ആദ്യത്തെ വളവിൽ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിലുള്ള ട്രാൻസ്ഫോർമറിലേക്കാണ് ലോറി ഇടിച്ചു കയറിയിട്ടുള്ളത്.
നിരവധി പ്രഭാത സവാരിക്കാരും സമീപത്തെ ക്ഷീര സഹകരണ സംഘത്തിലേക്കുള്ളവരും സഞ്ചരിക്കുന്ന റോഡാണിത്. ലോറിയിൽ ഡ്രൈവറും ക്ലീനറുമാണ് ഉണ്ടായിരുന്നത്.
ആളപായമില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരും മുളന്തുരുത്തി പോലീസും ഉടൻ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.