കുട്ടിക്കാനം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയ പാതയിൽ വളഞ്ഞാങ്ങാനത്ത് തമിഴ്നാട്ടിൽനിന്ന് തേങ്ങ കയറ്റിവന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു മൂന്നുപേർ മരിച്ചു. ഇന്നു പുലർച്ചെ 2.30നാണ് അപകടം. വളഞ്ഞാങ്ങാനത്തെ മുകളിലത്തെ റോഡിൽനിന്ന് അപകടത്തിൽപ്പെട്ട ലോറി മറിഞ്ഞ് താഴത്തെ റോഡിലെത്തി. ഇവിടെവച്ച് ലോറിയുടെ കാബിൻ പിളർന്നു.
തേങ്ങ കയറ്റിയിരുന്ന ലോറിയുടെ പിൻഭാഗം സമീപത്തെ കൊക്കയിലേക്കു മറിഞ്ഞു. റോഡിലും കൊക്കയിലുമായി തേങ്ങ കൂടിക്കിടന്നു. പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് അപകടവിവരം അറിയുന്നത്. ഇവർ അറിയിച്ചതനുസരിച്ച് ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തി.
കോടമഞ്ഞും രാത്രിയും ആയതിനാൽ തെരച്ചിൽ ദുഃസഹമായിരുന്നു. ഇതിനെത്തുടർന്നു പീരുമേട്ടിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചിരുന്നു. തേനി സ്വദേശി ഭൂമി രാജും കൂടെയുണ്ടായിരുന്ന രണ്ടു പേരുമാണ് മരിച്ചത്. രണ്ടു പേരെ തിരിച്ചിഞ്ഞില്ല. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. തമിഴ്നാട് സ്വദേശികളാണെന്നു കരുതുന്നു.
തേങ്ങ കയറ്റി തമിഴ്നാട്ടിൽനിന്ന് കോട്ടയത്തേക്കു പോകുക യായിരുന്നു ലോറി. തമിഴ്നാട് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുന്പ് ശബരിമല സീസണിൽ ഇതേ സ്ഥലത്ത് ഇത്തരത്തിൽ തേങ്ങ കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടിരുന്നു. അപകട വിവരമറിഞ്ഞ് തമിഴ്നാട്ടിൽ നിന്ന് ബന്ധുക്കൾ യാത്ര തിരിച്ചിട്ടുണ്ട്.