പാലക്കാട്: കല്ലടിക്കോടിൽ സ്കൂള് വിദ്യാർഥികള്ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി നാല് വിദ്യാർഥികൾ മരിച്ചു. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്ഥികള്ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്.
പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം. സിമന്റ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ലോറിക്കടിയിൽ കുട്ടികളുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.