കൂത്തുപറമ്പ്: കാറിലും പോലീസ് ജീപ്പിലും ഇടിച്ചും വിവിധയിടങ്ങളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ഇടിച്ചുതകര്‍ത്തും നിര്‍ത്താതെപോയ നാഷണല്‍ പെര്‍മിറ്റ് ലോറി പോലീസ് പിന്തുടര്ന്ന് പിടികൂടി.
തൊക്കിലങ്ങാടിയില്‍ വച്ച് കാറിലിടിച്ചശേഷം നിര്‍ത്താതെപോയ ലോറിയെ നെടുംപൊയിലില്‍ വച്ച് കൂത്തുപറമ്പ്, കണ്ണവം, പേരാവൂര്‍ സ്റ്റേഷനുകളിലെ പോലീസുകാര്‍ ചേര്‍ന്നാണു പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.
മൂര്യാട് ഭാഗത്തുനിന്ന് ഒരാള്‍ മദ്യപിച്ചനിലയില്‍ ലോറി ഡ്രൈവുചെയ്ത് വരുന്നുണ്ടെന്ന വിവരം കൂത്തുപറമ്പ് പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തുകയും ഡ്രൈവറോട് ലോറി സ്റ്റേഷനിലെത്തിക്കാന്‍ പറഞ്ഞെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഡ്രൈവര്‍ ലോറിയുമായി തൊക്കിലങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്നു.
ലോറി തൊക്കിലങ്ങാടിയില്‍ വച്ച് റോഡിനുകുറുകേ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ചുതകര്‍ക്കുകയും നാനോ കാറില്‍ ഇടിക്കുകയും ചെയ്തശേഷം നിര്‍ത്താതെപോകുകയായിരുന്നു. തുടര്‍ന്ന് കൂത്തുപറമ്പ് പോലീസ് ലോറിയെ പിന്തുടര്ന്നു. ചിറ്റാരിപ്പറമ്പിലും കണ്ണവത്തും റോഡിനുകുറുകേ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളും ലോറി ഇടിച്ചുതെറിപ്പിച്ചു.
വിവരമറിഞ്ഞ് ലോറിയെ പിടികൂടാന്‍ റോഡിനുകുറുകേ ഇട്ട കണ്ണവം പോലീസിന്റെ ജീപ്പിലുമിടിച്ച് ലോറി നിര്‍ത്താതെ മുന്നോട്ടുപോയി. പോലീസ് കോളയാട് സ്ഥാപിച്ച ബാരിക്കേഡും തകര്‍ത്ത ലോറി ഒടുവില്‍ നെടുംപൊയിലില്‍ വച്ച് സാഹസികമായി പിടികൂടുകയായിരുന്നു.
ലോറിയെ പിന്തുടര്‍ന്ന കൂത്തുപറമ്പ്, കണ്ണവം പോലീസും വിവരമറിഞ്ഞത്തിയ പേരാവൂര്‍ പോലീസും ചേര്‍ന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ കണ്ണവം സ്വദേശി ദിപുമോന്‍ മുട്ടത്തിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.