കോട്ടയം: കോടിമതയിലെ ലോറി മോഷ്ടിച്ചത് ലോറി നോക്കാനേറ്റയാൾ. പോലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലൂടെയാണ് മോഷ്ടാക്കളെ പിടികൂടിയത്. മറ്റൊരു ലോറിയുടെ ഡ്രൈവറും ഉടമയും ചേർന്നാണു മോഷണ പദ്ധതിക്ക് രൂപം നല്കിയതെന്നും പോലീസ് തെളിയിച്ചു.
കേരളത്തിൽനിന്നു ലോറി മോഷ്ടിച്ചു തമിഴ്നാട്ടിലെത്തിച്ചു പൊളിച്ചു വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതു സാധിച്ചില്ല. ലോറി ഡ്രൈവർ തമിഴ്നാട് കന്യാകുമാരി കിരത്തൂർ വടക്കുവിള സുരേഷ് (28), ലോറി ഉടമ വട്ടപ്പള്ളിവിളയിൽ തോട്ടവാരം ആർ. രംഗസ്വാമി (42) എന്നിവരെയാണു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ വി.എസ്. പ്രദീപ്കുമാർ അറസ്റ്റ് ചെയ്തത്.
സംഭവമിങ്ങനെ: കഴിഞ്ഞ 14നാണു മലപ്പുറം സ്വദേശിയുടെ ലോറി കോടിമതയിൽനിന്നു മോഷണം പോയത്. അതിന് രണ്ടു ദിവസം മുൻപ് ലോറി ഡ്രൈവർ വീട്ടിൽ പോയി.
അറസ്റ്റിലായ സുരേഷ് കോടിമതയിൽ മറ്റൊരു ലോറിയുടെ ഡൈവറായി സ്ഥലത്തുണ്ടായിരുന്നു. സുരേഷിനെ ലോറി ഏൽപിച്ചിട്ടാണു മലപ്പുറം സ്വദേശിയായ ലോറി ഡ്രൈവർ വീട്ടിൽ പോയത്. പിറ്റേന്ന് വരാൻ സാധിക്കാത്തതിനാൽ സുരേഷിനെ വിളിച്ചു പറഞ്ഞു. ലോറിക്ക് കുഴപ്പമൊന്നുമില്ലെന്നും ലോറി നോക്കിക്കൊള്ളാമെന്നും സുരേഷ് പറഞ്ഞു. അതിന്റെ പിറ്റേന്നാണ് ഡ്രൈവർ എത്തിയത്.
ഡ്രൈവർ കോടിമതയിൽ എത്തുന്പോൾ ലോറി മോഷ്ടിക്കപ്പെട്ടിരുന്നു. ലോറി നോക്കാമെന്ന് ഏറ്റ സുരേഷും അയാളുടെലോറിയും സ്ഥലത്തുണ്ടായിരുന്നില്ല. ലോറി മോഷണത്തിനു വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ പുനലൂരിൽനിന്ന് ലോറി കിട്ടി. പുനലൂരിൽ എത്തിയപ്പോൾ ഡീസൽ തീർന്നു വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. പോലീസിന്റെ തുടർന്നുള്ള അന്വേഷണത്തിലാണ് ലോറി നോക്കാമെന്ന് ഏറ്റ സുരേഷിന് ഇതിൽ പങ്കുണ്ടെന്നു വ്യക്തമായത്.
ലോറി ഡ്രൈവർ വീട്ടിൽ പോയതിന്റെ പിറ്റേന്ന് സുരേഷിനെ വിളിച്ചപ്പോൾ ലോറി ഇവിടെയുണ്ടെന്നാണു പറഞ്ഞത്. യഥാർഥത്തിൽ അന്നാണ് ലോറി മോഷ്ടിക്കപ്പെട്ടത്. ഇതോടെയാണ് സുരേഷിനെ സംശയിച്ചത്. സുരേഷിന്റെ ഫോണ് നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ തമിഴ്നാട്ടിലുണ്ടെന്നു മനസിലാക്കി.
ഇയാളെ തേടി പോലീസ് തമിഴ്നാട്ടിൽ ചുറ്റിക്കറങ്ങി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ സുരേഷിനെ പിടികൂടുകയായിരുന്നു. സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് ലോറി ഉടമ രംഗസ്വാമിക്കുവേണ്ടിയാണ് ലോറി മോഷ്ടിച്ചതെന്നു വെളിപ്പെടുത്തിയതും രംഗസ്വാമിയെ അറസ്റ്റു ചെയ്തതും.
കേരളത്തിൽനിന്നു മോഷ്ടിക്കുന്ന ലോറി പൊളിച്ചു പാർട്സ് വിൽപന നടത്തുകയാണ് ഇവരുടെ തൊഴിൽ. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.