തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.
അപകടം അറിഞ്ഞിരുന്നുവെന്ന് ഡ്രൈവർ ജോയി പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അപകട സമയത്ത് ലോറി ഉടമ മോഹനനും വാഹനത്തിലുണ്ടായിരുന്നു.
ഇയാളെയും വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
മണലുമായി പോകുന്നതിനിടെയാണ് ലോറി പ്രദീപിന്റെ സ്കൂട്ടറിന് പിന്നിലിടിച്ചത്. ഇടിച്ചതിന് ശേഷം എന്തുകൊണ്ട് നിർത്താതെ പോയി എന്നതിന് ഡ്രൈവർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചതോടെ പ്രദീപ് റോഡിലേക്ക് വീഴുകയും പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഡ്രൈവർക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നേമം പോലീസ് സ്റ്റേഷനിലാണ് ലോറിയും ഡ്രൈവറെയും എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യൽ ഇവിടെ പുരോഗമിക്കുകയാണ്. ഫോർട്ട് അസി. കമ്മീഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതിപക്ഷവും ബന്ധുക്കളും ദുരൂഹതയുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നതിനാൽ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്.
പ്രദീപിന് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നും ഭീഷണികൾ ഫോണിലൂടെയും മറ്റും വന്നിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നൽകിയിട്ടുണ്ട്.