കോഴിക്കോട്: പണത്തിനുമീതെ പരുന്തും പറക്കില്ലെന്നാണ് ചൊല്ല്. എന്നാല്‍ നന്മ പറക്കുമെന്നു തെളിയിക്കുകയാണ് കോഴിക്കോട്ടുകാര്‍. കളഞ്ഞുകിട്ടിയ പണം തിരികെ നല്കിയ രണ്ട് കോഴിക്കോടന്‍ മാതൃകകളാണ് പുതുവര്‍ഷ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്. രണ്ട് വിത്യസ്തസംഭവങ്ങളില് ഒരു ലക്ഷം രൂപയും 15,000 രൂപയും നഷ്ടപ്പെട്ടവര്‍ക്കാണു തിരിതെ ലഭിച്ചത്.
തലയാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ സത്യനും അബ്ദുറഹ്മാനും മൂഴിക്കലിലെ ബസ് കണ്ടക്ടറായ കൃപേഷുമാണ് രണ്ട് പേരുടെ ഇരുണ്ട നിമിഷങ്ങളിലേക്കു സത്യസന്ധതയുടെ വെളിച്ചവുമായെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ തലയാട് കല്ലാനോട് ഭാഗത്തേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യവേയാണ് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കളക്ഷന്‍ ഏജന്റായ റാഫിയുടെ ബാഗ് നഷ്ടപ്പെട്ടത്. ഒരു ലക്ഷം രൂപയുണ്ടായിരുന്ന ബാഗ് വീണുപോയതറിയാതെ റാഫി യാത്ര തുടരുകയായിരുന്നു.
തലയാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ സത്യനും അബ്ദുറഹ്മാനും റോഡില്‍നിന്ന് ബാഗ് ലഭിച്ചു. ഉടന്‍ തന്നെ ഇരുവരും ബാലുശേരി പോലീസ് സ്റ്റേഷനില്‍ തുകയും ബാഗും എൽപ്പിക്കുകയായിരുന്നു. കമ്പനിയുടെ പണമാണെന്നും നഷ്ടപ്പെട്ടിരുന്നെങ്കിൽ താൻ വലിയ പ്രതിസന്ധിയിലായേനെയെന്നും റാഫി പറഞ്ഞു.
സിറ്റി-വെള്ളിമാടുകുന്ന് റൂട്ടിലോടുന്ന കാവ്യ ബസിന്റെ ഉടമയും കണ്ടക്ടറും കൂടിയായ കൃപേഷിനു രാവിലെ ഓട്ടത്തിനിടയിലാണ് ബസില്‍ നിന്നു കവറില്‍ പൊതിഞ്ഞ നിലയില്‍ 15,000 രൂപയും പെന്ഷന് രേഖകളും ലഭിച്ചത്.
ഉടന്‍ തന്നെ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും കോഴിക്കോട് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂനിറ്റില്‍ തുകയും രേഖകളും ഏല്പിക്കുകയുമായിരുന്നു.
വൈകീട്ടോടെ വിവരം അറിഞ്ഞ് ഇവിടെയെത്തിയ വയോധികനായ ഉടമ ട്രാഫിക് എസ്ഐ സജിതയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. ട്രഷറിയില്‍നിന്ന് പെന്ഷന് തുക വാങ്ങി മടങ്ങുന്നതിനിടയില്‍ ബസില്‍ മറന്നുവയ്ക്കുകയായിരുന്നു.