ദോഹ: ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.
ലോകകപ്പ് ചരിത്രത്തിൽ സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള തയാറെടുപ്പിലാണ്.
അവസാന ലോകകപ്പ് മത്സരം കളിക്കുന്ന നായകൻ ലൂക്ക മോഡ്രിച്ചിനെ ജയത്തോടെ മടക്കാനാണ് ക്രൊയേഷ്യ ശ്രമിക്കുന്നത്.
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയും മൊറോക്കോയും നേർക്കുനേർ വരുന്നത് ഇതു രണ്ടാം തവണയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയിരുന്നു.
ഗ്രൂപ്പ് എഫിൽ ഇരുടീമിന്റെയും ആദ്യമത്സരമായിരുന്നു അത്. ഗോൾരഹിത സമനിലയായിരുന്നു ഫലം. ഖത്തർ ലോകകപ്പ് ഇരുടീമും ആരംഭിച്ചതും ഇന്ന് അവസാനിപ്പിക്കുന്നതും പരസ്പരം നേരിട്ടാണെന്നത് അപൂർവതയാണ്.
സെമിയിൽ അർജന്റീനയോട് 3-0നാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. ഫ്രാൻസിനോട് 2-0ന് ആയിരുന്നു മൊറോക്കോയുടെ സെമിഫൈനൽ തോൽവി.