ചാത്തന്നൂർ: ദേശീയ അന്വേഷണ ഏജൻസി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ കെ എസ് ആർ ടി സി യ്ക്കുണ്ടായ നഷ്ടം ഈടാക്കാൻ നടപടി തുടങ്ങി.
2022 സെപ്തംബർ 23നായിരുന്നു ഹർത്താൽ. നിരവധി കെ എസ് ആർ ടി സി ബസുകൾക്ക് ഹർത്താലിൽ നാശനഷ്ടം സംഭവിച്ചു. ഹൈക്കോടതി നിയോഗിച്ച ക്ലെയിംസ് കമ്മീഷൻ നാശനഷ്ടങ്ങളുടെ വിവരശേഖരണം നടത്തുകയാണ്.
ക്ലെയിംസ് കമ്മീഷൻ മുമ്പാകെ തെളിവ് നല്കുന്നതിനുള്ള നടപടികളാണ് കെഎസ്ആർടിസി ആരംഭിച്ചത്. ഹൈക്കോടതിയ്ക്ക് സമീപമുള്ള കെഎസ്ആർടിസി യുടെ ലെയ്സൺ ഓഫീസിൽ യൂണിറ്റ് മേധാവികളും അന്ന് അക്രമത്തിൽ പരിക്കേറ്റ ജീവനക്കാരും വിവരങ്ങളും രേഖകളും 25നകം കൈമാറണമെന്നാണ് നിർദേശം.
അക്രമണം മൂലം സർവീസ് മുടങ്ങിയത് മൂലമുണ്ടായ വരുമാന നഷ്ടം, ബസുകൾ അറ്റകുറ്റപ്പണികൾ നടത്തിയതിന്റെ റിപ്പോർട്ട്, ജോബ് കാർഡ് ഉൾപ്പെടെയുള്ള രേഖകൾ യൂണിറ്റ് ഓഫീസർമാർ ലെയ്സൺ ഓഫീസിൽ ഹാജരാക്കണം. പരിക്കേറ്റ ജീവനക്കാർ അതിന്റെ രേഖകളും ചികിത്സാ വിവരങ്ങളും നല്കണം.