വീട്ടില് നിന്ന് നാലുലക്ഷത്തി അഞ്ഞൂറ് രൂപ മോഷണം പോയെന്ന പരാതിയെത്തുടര്ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാല് കള്ളനെ പിടിക്കാന് പോലീസ് നായ എത്തുമെന്നറിഞ്ഞതോടെ പണം കിട്ടിയെന്നും പരാതി പിന്വലിക്കണമെന്നുമായി പരാതിക്കാരന്.
എന്നാല്, പോലീസിനെ ചുറ്റിച്ചവര്ക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് സി.ഐ: അനില് ജോര്ജ് അറിയിച്ചു. നാലുദിവസം മുമ്പാണ് നാല്പ്പത്തിയൊമ്പതുകാരനായ വ്യാപാരി പണം മോഷണം പോയെന്ന് അടിമാലി പോലീസ് സ്റ്റേഷനില് പരാതിപ്പെട്ടത്.
മുറിയിലെ അലമാരിയില് ആറു ലക്ഷം രൂപ സൂക്ഷിച്ചിരുന്നെന്നും പിന്നെ നോക്കിയപ്പോള് 1.99 ലക്ഷം മാത്രമാണ് ഉണ്ടായിരുന്നതെന്നും പരാതിയില് പറയുന്നു. പോലീസ് പരിശോധിച്ചപ്പോള് അലമാരയുടെ പൂട്ടുപൊളിച്ചിട്ടില്ല.
ഇതോടെ തെല്ല് അമാന്തിച്ചെങ്കിലും പിന്നീട് കേസ് രജിസ്റ്റര് ചെയ്തു. ഇന്നലെ വിരലടയാള വിദഗ്ധരും പോലീസ് നായയും പരാതിക്കാരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വിളിച്ചപ്പോഴാണ് പണം ലഭിച്ചെന്ന മറുപടി. കള്ളന് കപ്പലില് തന്നെയെന്ന് മനസ്സിലായതോടെയാണ് വ്യാപാരി പരാതി പിന്വലിച്ചതെന്നാണ് വിവരം.