കോതമംഗലം: കേരള സംസ്ഥാന ലോട്ടറിയുടെ സ്ത്രീശക്തി ഭാഗ്യക്കുറി ഒന്നാം സമ്മാനം ഒരു കോടി രൂപ അടിച്ചത് കോതമംഗലത്തെ ചുമുട്ടുതൊഴിലാളിക്ക്. ബിഎംഎസ് ഹെഡ് ലോഡ് വർക്കേഴ്സ് കോതമംഗലം കോളജ് യൂണിറ്റ് പ്രസിഡന്റ് കലാനഗറിൽ താമസിക്കുന്ന വാളകത്തിൽ രവി (50) ആണ് ഭാഗ്യവാൻ.നിനച്ചിരിക്കാതെ ഭാഗ്യദേവത കടാക്ഷിച്ചതിന്റെ ആഹ്ലാദത്തിലാണ് രവിയും കുടുംബവും. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്.
ഇന്നലെ രാവിലെ പതിവുപോലെ കോതമംഗലം കോളജ് ജംഗ് ഷനിൽ ചുമട്ടുപണിക്കു പോയി സമീപത്തെ ഹോട്ടലിൽ ചായ കഴിക്കുന്നതിനിടെയാണു രവി ലോട്ടറി ഫലം അറിഞ്ഞത്. രവി എടുത്ത എസ്ജെ 508379 നന്പർ ലോട്ടറിക്ക് സമ്മാനം കിട്ടിയ വിവരം ആദ്യം അറിയിച്ചത് സുഹൃത്തും ചുമട്ടുതൊഴിലാളിയുമായ ആന്റണിയെയാണ്.
നഗരത്തിൽ നടന്ന് ലോട്ടറി വിൽപന നടത്തുന്ന ആണിക്ക എന്നു വിളിക്കുന്ന ആളുടെ പക്കൽ നിന്നാണ് ടിക്കറ്റെടുത്തതെന്നു രവി പറഞ്ഞു. തറവാട് വീതംവച്ച വകയിൽ കിട്ടിയ രണ്ടര സെന്റിലെ ചെറിയ വീട്ടിലാണു താമസം. പതിനേഴ് വർഷമായി ചുമട്ടുതൊഴിലാളിയാണ്. സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കണമെന്നതാണ് രവിയുടെ വലിയ ആഗ്രഹം. ബാക്കി പണം ഏക മകൾ മൂന്നാം ക്ലാസിലേക്ക് ജയിച്ച അനുലക്ഷ്മിയുടെ വിവാഹത്തിന് നിക്ഷേപിക്കുമെന്ന് രവി പറയുന്നു. അനീഷയാണു ഭാര്യ.