കോട്ടയം: ലോട്ടറി ടിക്കറ്റിന്റെ നന്പർ തിരുത്തി കോട്ടയം ടൗണിലെ വിൽപ്പനക്കാരെ കബളിപ്പിച്ച് സമ്മാനം തട്ടിയെടുക്കുന്ന വിരുതൻ ഒടുവിൽ പിടിയിലായി. കാരാപ്പുഴ വേളൂർ അഖിൽ നിവാസിൽ ഉദയകുമാറിനെ(40)യാണ് കോട്ടയം വെസ്റ്റ് എസ്ഐ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തിരുനക്കര ഭാഗത്ത് ലോട്ടറി വിൽപ്പന നടത്തുന്ന കൊല്ലാട് സ്വദേശി ഗോപാലനെ (80) കബളിപ്പിച്ചതിനാണ് അറസ്റ്റ്. ടിക്കറ്റിലെ നന്പർ തിരുത്തി 1000രൂപയുടെ സമ്മാനം അടിച്ചതായി കാണിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഒന്ന് എന്ന അക്കം തിരുത്തി ഏഴാക്കിയാണ് പണം തട്ടിയത്. 150 രൂപയുടെ ടിക്കറ്റും 850 രൂപയും വാങ്ങി.
പിന്നീട് സംശയം തോന്നിയ ഗോപാലൻ പോലീസിന് വിവിരം നല്കി. ഇതിനിടെ ടിക്കറ്റ് ലോട്ടറി മൊത്ത വ്യാപാര കടയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിൽ നന്പർ തിരുത്തിയതായി വ്യക്തമായി. ഉദയകുമാറിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഇയാ ളുടെ രണ്ടു തട്ടിപ്പുകേസുകൾ കൂടി തെളിഞ്ഞു.
രണ്ടു പേരെക്കൂടി മുൻപ് ഇയാൾ കബളിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. പത്രത്തിൽ പ്രതിയുടെ ചിത്രം കണ്ട് തട്ടിപ്പിനിരയായ കൂടുതൽ പേർ എത്തിയേക്കുമെന്നാണ് സൂചന. ലോട്ടറി ടിക്കറ്റിന്റെ ഫലം അറിഞ്ഞതിനു ശേഷം തന്റെ കൈയിലുള്ള ലോട്ടറിയുടെ നന്പർ തിരുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി.
ടിക്കറ്റ് ചെറുതായി നനച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് നന്പർ ചിരണ്ടി മാറ്റും. പിന്നീട് കറുത്ത മഷി ഉപയോഗിച്ച് നന്പർ തിരുത്തും. ഇതായിരുന്നു ചെയ്തു വന്നത്. പ്രായമായവർക്ക് തിരുത്ത് പെട്ടെന്ന് മനസിലാക്കാൻ കഴിയുകയില്ല.
നഗരത്തിലെ 65, 70, 75 വയസുള്ള മൂന്ന് ലോട്ടറി കച്ചവടക്കാരെയാണ് ഇയാൾ കബളിപ്പിച്ചത്. ഇവരിൽ നിന്ന് 2000, 3000, 500 രൂപ വീതം തട്ടിയെടുത്തു. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ സംബന്ധിച്ച് കൃത്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
ഇന്നലെ സമാന രീതിയിൽ നഗരത്തിലെ മറ്റൊരു ലോട്ടറി കച്ചവടക്കാരനിൽ നിന്ന് പണം തട്ടിയെടുക്കാൻ ഉദയകുമാർ ശ്രമിച്ചതിനെത്തുടർന്നാണ് അറസ്റ്റിലായത്.