മുളവൂർ സതീഷ്
ശാസ്താംകോട്ട: നമ്പർ തിരുത്തിയും മറ്റും ലോട്ടറി വിൽപ്പനക്കാരേയും ഏജന്റുമാരെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത് തുടർക്കഥയായതോടെ ഇവർക്കുള്ള ബോധവത്കരണവുമായി സംസ്ഥാന ലോട്ടറി വകുപ്പ് രംഗത്ത്. കൈകോർക്കാംഭാഗ്യ സുരക്ഷിതം കൈവിടാം വ്യാജൻമാരെ എന്നതാണ് പരിശീലന പരിപാടിയുടെ തലവാചകം.
സമ്മാനം ലഭിക്കാത്ത ലോട്ടറികളിലെ മൂന്ന്, എട്ട്, പൂജ്യം തുടങ്ങിയ അക്കങ്ങൾ വിദഗ്ധമായി തിരുത്തി ഏജന്റുമാരെയും ലോട്ടറി വിൽപ്പനക്കാരെയും കബളിപ്പിച്ച് പണം തട്ടി എടുക്കുന്ന സംഭവം സംസ്ഥാനത്ത് വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇവർ ഇത്തരത്തിൽ ലഭിക്കുന്ന ലോട്ടറി കളിലെ പണം മാറി എടുക്കുന്നതിന് ശ്രമിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
സാധാരണക്കാരായ ഇവർക്ക് പലപ്പോഴും ആയിരക്കണക്കിന് രൂപ ഇത്തരത്തിൽ നഷ്ടപ്പെടാറുണ്ട്.ലോട്ടറികളിൽ ബാർകോഡ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭുരിപക്ഷം ലോട്ടറി വിൽപ്പനക്കാരും മുതിർന്നവർ ,കാഴ്ചവൈകല്യം ഉള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരായതിനാലും ബാർകോഡ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് വലിയ പരിജ്ഞാനം ഉണ്ടാകാറില്ല എന്ന സാഹചര്യം മുതലെടുത്തുമാണ് ഇവർ കബളിക്കപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് ലോട്ടറികളിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ഇവർക്ക് പരിശീലനം നൽകുന്നതിന് സംസ്ഥാന ലോട്ടറി വകുപ്പ് തന്നെ രംഗത്ത് വന്നത്. ജില്ലാ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.