കോട്ടയം: ലോക്ഡൗണിനെത്തു ടർന്നു ലോട്ടറി തൊഴിലാളികൾ പട്ടിണിയിലാണെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്.
സംഘടന ജില്ലാ കമ്മിറ്റി ജില്ലാ ലോട്ടറി ഓഫീസിന് മുന്പിൽ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. കോവിഡ് മൂലം ലോട്ടറി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ പോലും നൽകിയിട്ടില്ല.
5,000 രൂപ സാന്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ടിട്ടും ആയിരം രൂപ മാത്രമാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ട് ഒന്നരമാസം ആയെങ്കിലും തൊഴിലാളികൾക്ക് ഇതുവരെ ഈ തുക ലഭിച്ചിട്ടില്ല.
ഇത് അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഐഎൻടിയുസി സമരം സംഘടിപ്പിച്ചതെന്നും ഫിലിപ്പ് ജോസഫ് പറഞ്ഞു.
പുതിയ നറുക്കെടുപ്പ് ആരംഭിക്കുന്പോൾ ടിക്കറ്റ് എടുക്കുന്നതിനായി 5,000 രൂപയുടെ കൂപ്പണ്‍ അനുവദിക്കുന്നതിനും ലോട്ടറിത്തൊഴിലാളികൾ ആവശ്യമുന്നയിച്ചിരുന്നു.
ഇതൊന്നും നടപ്പിലാക്കാൻ ക്ഷേമനിധി ബോർഡ് തയാറാകാത്തതിൽ ലോട്ടറിത്തൊഴിലാളികൾ വലിയ പ്രതിഷേധത്തിലാണ്. ഒഴിഞ്ഞ പ്ലേറ്റുമായി എത്തിയാണ് തൊഴിലാളികൾ പട്ടിണി സമരം സംഘടിപ്പിച്ചത്.
ടിക്കറ്റ് വില 30 രൂപയാക്കുക, ലോട്ടറിയുടെ ജി എസ് ടി 28 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനം ആക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചും നടത്തിയ സമരത്തിന് കോട്ടയം ജില്ലാ പ്രസിഡന്റ് കെ സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി വി പ്രസാദ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു .