പാലാ: കഷ്ടപ്പാടിനൊടുവില് ഭാഗ്യദേവത കനിഞ്ഞ സന്തോഷത്തിലാണ് പാലാ സ്വദേശിനിയായ അന്നമ്മ ഷൈജു. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ വീതം ഒന്നാം സമ്മാനം ലഭിക്കുന്ന അഞ്ച് പേരിലൊരാളാണ് അന്നമ്മ. ഭാഗ്യമിത്ര ലോട്ടറിയുടെ ആറാമത് നറുക്കെടുപ്പാണ് പന്ത്രണ്ടാംമൈല് മഠത്തിപ്പറമ്പില്‍ അന്നമ്മയെ (49) കോടിപതിയാക്കിയത്.
2004 മുതല്‍ പാലാ കുരിശുപള്ളിക്കവലയിലുള്ള നിരപ്പേല്‍ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയാണ്. സാമ്പത്തികമായി ഏറെ കഷ്ടപ്പാട് അനുഭവിക്കുമ്പോഴാണ് ഭാഗ്യത്തിന്റെ രൂപത്തില്‍ ആശ്വാസമെത്തിയത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി മുരിക്കുംപുഴയില്‍ നിന്നാണ് അന്നമ്മ ഭർത്താവിനെക്കൊണ്ടു ലോട്ടറി എടുപ്പിച്ചത്.
വീട് നിര്‍മിച്ചതിന്റെ കടം വീട്ടുകയെന്നതാണ് അന്നമ്മയുടെ പ്രധാന ആഗ്രഹം. കോവിഡ് വ്യാപിച്ചതോടെ ഭര്‍ത്താവ് ഷാജിയുടെ ജോലിമേഖലയിലും വരുമാനമില്ലാതായി. എന്നെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷയിലാണ് പതിവായി ലോട്ടറി എടുത്തിരുന്നതെന്നും അന്നമ്മ പറഞ്ഞു.
കഴിയുംപോലെ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനും അന്നമ്മ തയാറാണ്. സമ്മാനാര്‍ഹമായ ബിവി 244770 നമ്പര്‍ ടിക്കറ്റ് എസ്ബിഐ പാലാ ടൗണ്‍ ബ്രാഞ്ചില്‍ ഏല്‍പ്പിച്ചു. തിരുവോണം ലക്കി സെന്ററാണു സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്.