കോട്ടയം: സംസ്ഥാന ലോട്ടറിയുടെ വില വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ഈ മേഖലയെ പ്രതിസന്ധിയിലാക്കും. സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) സർക്കാരിനോട് ആവശ്യപ്പെട്ടു.
40 രൂപ വിലയുള്ള ടിക്കറ്റിന് 50 രൂപയായി വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ മേഖലയിലുള്ള എല്ലാ ട്രേഡ് യൂണിയനുകളും വിലവർധനവിനെതിരേ നിലപാട് എടുത്തിട്ടും വില വർധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം ലോട്ടറി മാഫിയകളെ സഹായിക്കുന്നതിന് മാത്രമേ ഉപകരിക്കൂ എന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.
എഴുത്ത് ലോട്ടറി, സെറ്റ് ലോട്ടറി മാഫിയകൾ കേരളത്തിൽ കൊള്ളലാഭം നടത്തുന്നത് അവസാനിപ്പിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. അവർക്ക് കൂടുതൽ കൊള്ളലാഭം ഉണ്ടാക്കാനാണ് സർക്കാർ വില വർധിപ്പിക്കുന്നത്.
40 രൂപ വിലയുള്ള ടിക്കറ്റ് വിൽപ്പനക്കാരുടെ കൈയ്യിലും ഏജന്റുമാരുടെ കൈയ്യിലും മിച്ചം വരുന്പോൾ നഷ്ടം അനുഭവിക്കുന്ന ഈ മേഖലയിലുള്ളവരെ ആത്മഹത്യയുടെ വക്കിലെത്തിക്കുക മാത്രമാണ് വിലവർധന കൊണ്ട് ഉണ്ടാകുന്നത്.
ഉദ്യോഗസ്ഥന്മാരുടെ പിടിവാശിക്ക് മുന്പിൽ സർക്കാർ മുട്ടു മടക്കി. അതിന്റെ ഭാഗമായിട്ടാണ് വില വർധനവിനുള്ള നീക്കം. ലോട്ടറി മേഖലയിലുള്ള ഏജന്റുമാരെയും വിൽപ്പനക്കാരും നിലനിർത്താൻ സർക്കാരിന് ബാധ്യതയുണ്ട്.
വിലവർധനവുണ്ടായാൾ ലോട്ടറി ബന്ധ് ഉൾപ്പെടെയുള്ള സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അറിയിച്ചു.