സി.സി.സോമൻ
കോട്ടയം: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലായപ്പോൾ പാവപ്പെട്ട ലോട്ടറി കച്ചവടക്കാരന് പണി കിട്ടി. 25 രൂപയുടെ ഒരു ബുക്ക് ലോട്ടറിക്ക് 570 രൂപയ്ക്കാണ് നേരത്തേ ഏജന്റുമാർക്ക് ലഭിച്ചിരുന്നത്. ഇപ്പോഴത് ലോട്ടറി ഓഫീസിൽ നിന്ന് വാങ്ങുന്പോൾ 600 രൂപ നല്കണം. പുറത്ത് ലോട്ടറി മൊത്ത വിൽപ്പനക്കാരനിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ 610 രൂപയും നല്കണം.
ഒരു ബുക്കിൽ ഒറ്റയടിക്ക് 40 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. വെയിലും മഴയുമേറ്റ് ലോട്ടറി വിൽക്കുന്നവർക്ക് ലഭിക്കുന്ന കമ്മീഷനിൽ നിന്ന് ഒരു വിഹിതം സർക്കാർ തട്ടിപ്പറിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് ലോട്ടറി വിൽപനക്കാർ പ്രതികരിക്കുന്നത്. 30 രൂപ വിലയുള്ള ഒരു ലോട്ടറി ടിക്കറ്റ് വിറ്റാൽ ലഭിക്കുന്നത് പരമാവധി ആറ് രൂപയാണ്.
മൊത്ത ക്കച്ചവടക്കാരനിൽ നിന്നാണ് ടിക്കറ്റ് വാങ്ങുന്നതെങ്കിൽ അത് 5 രൂപ 60 പൈസയായി കുറയും. ജിഎസ്ടി വരുന്നതിനു മുൻപ് ഒരു ടിക്കറ്റ് വിറ്റാൽ 7 രൂപ 20 പൈസ ലഭിക്കുമായിരുന്നു. ഏതു വിഭാഗം തൊഴിലാളിക്കും അവന്റെ കൂലി വർധിക്കുന്ന രീതിയിലാണ് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ. ഏത്ര ചെറിയ ജോലിയാണെങ്കിലും തുടക്കത്തിലുള്ള വേതനമല്ല കുറെ നാൾ കഴിയുന്പോൾ ലഭിക്കുക.
എന്നാലിവിടെ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവർക്ക് അവരുടെ വരുമാനത്തിൽ വൻ കുറവ് വരുന്നു എ്ന്നതാണ് ജിഎസ്ടി വന്നതോടെ സംഭവിച്ചത്. അടുത്ത നാളിൽ ലോട്ടറികളുടെ വില ഏകീകരിച്ച് 30 രൂപയാക്കിയിരുന്നു. അതേ സമയം വില 30 രൂപയായി കുറച്ചപ്പോൾ സമ്മാനങ്ങളും വെട്ടിക്കുറച്ചു.
5000 രൂപയുടെ 15 സമ്മാനങ്ങൾ ഉണ്ടായിരുന്നത് വെട്ടിക്കുറച്ച് 10 സമ്മാനങ്ങളാക്കി. പതിനായിരത്തിന്റെ സമ്മാനം നിർത്തലാക്കി. പകരം 2000, 200 എന്നീ തുകയ്ക്കുള്ള സമ്മാനങ്ങൾ ഏർപ്പെടുത്തി. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം എന്നത് 60 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു.