കോട്ടയം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ലോട്ടറി എജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) 16ന് ലോട്ടറി ബന്ദ് നടത്തും. അന്നേ ദിവസം ടിക്കറ്റ് എടുക്കാതെ ഏജന്റുമാരും വിൽപനക്കാരും പൊതുജനങ്ങളും സഹകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ആവശ്യപ്പെട്ടു.
സംസ്ഥാന ലോട്ടറിയുടെ എണ്ണം വർധിപ്പിച്ചിട്ടും സമ്മാനങ്ങൾ വർധിപ്പിച്ചില്ല. അതിനാൽ സമ്മാന ഘടനയിൽ മാറ്റം വരുത്തണം. 500 മുതൽ 5000 രൂപ വരെയുള്ള സമ്മാനങ്ങൾ വർധിപ്പിക്കണം. ജിഎസ്ടിയുടെ പേരിൽ വെട്ടിക്കുറച്ച വിൽപനക്കാരുടെ കമ്മീഷൻ പുന:സ്ഥാപിക്കുക, ക്ഷേമ നിധി അംഗത്തിനും പുതുക്കലിന് പണം അടയ്ക്കുന്നതിനും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന അനാവശ്യ നിബന്ധനകൾ പിൻവലിക്കുക, നറുക്കെടുപ്പിലെ സുതാര്യതയെക്കുറിച്ച് വിൽപനക്കാരിലും പൊതുജനങ്ങളിലും നിലനിൽക്കുന്ന ആശങ്ക അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് അസോസിയേഷൻ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
ലോട്ടറി മേഖല ഗുരുതരമായ തകർച്ചയിലേക്ക് പോവുകയാണെന്നും രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഐഎൻടിയുസി ഭവനിൽ ചേർന്ന അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. ലജീവ് വിജയൻ, പി.ആർ.സജീവ്, ശ്രീരഞ്ജൻ, വക്കം പ്രസാദ്, ചവറ അരവി, കെ.ജി.ഹരിദാസ്, സത്യൻ തുറവൂർ, എം.ആർ.ഷാജി, സക്കീർ ചങ്ങംപള്ളി, ശിവരാമൻ, പി.എസ്.രാധാകൃഷ്ണൻ, ചന്ദ്രശേഖരൻ, പോൾ ടി എന്നിവർ പ്രസംഗിച്ചു.