കോട്ടയം: ലോട്ടറി മേഖലയിൽ അവ്യക്തത തുടരുന്നു. നാളെ കടകൾ തുറക്കാമെന്നു അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ലോട്ടറി ടിക്കറ്റുകൾ വിതരണത്തിന് എത്തിയിട്ടില്ല.
ജൂണ്‍ ഒന്നിനാണ് നറുക്കെടുപ്പ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഏതു ടിക്കറ്റാണ് അന്ന് നറുക്കെടുക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്നലെ ലോട്ടറി തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു.
പഴയ ടിക്കറ്റുകൾ പിൻവലിച്ച് പുതിയത് ഇറക്കണമെന്ന് യൂണിയൻ നേതാക്കൾ അവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ ടിക്കറ്റുകളിൽ ചിലത് റദ്ദാക്കാൻ ധാരണയായിട്ടുമുണ്ട്. എതൊക്കെ ടിക്കറ്റുകളാണ് റദ്ദാക്കുന്നതെന്ന് ഇന്ന് തീരുമാനിക്കും.
40 ശതമാനം ടിക്കറ്റുകൾ റദ്ദാക്കാനാണ് സാധ്യതയുള്ളത്. വിതരണം ചെയ്ത ടിക്കറ്റുകൾ ഉൾപ്പെടെ ഇതുവരെയുള്ള മുഴുവൻ ടിക്കറ്റുകളും റദ്ദാക്കി പുതിയ ടിക്കറ്റുകൾ അച്ചടിക്കണമെന്നാണ് യുണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലത്തെ യോഗത്തിൽ യൂണിയനുകൾ ഉന്നയിച്ച മറ്റൊരു പ്രധാന ആവശ്യം ലോട്ടറി ടിക്കറ്റുകളുടെ വില കുറയ്ക്കണമെന്നാണ്. ഇതും പരിഗണിക്കാമെന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. കുറച്ചു നാളത്തേക്ക് നിലവിലുള്ള വില തുടരും. അതിനുശേഷമാകും വില കുറയ്ക്കുക.
തിങ്കളാഴ്ച ദിവസത്തെ നറുക്കെടുപ്പ് മാറ്റണമെന്ന ആവശ്യവും ട്രേഡ് യൂണിയനുകൾ മുന്നോട്ടുവച്ചു. ഞായറാഴ്ച സന്പൂർണ ലോക്ക് ഡൗണായതിനാൽ അതു ടിക്കറ്റ് വിൽപനയെ ബാധിക്കാനിടയുണ്ട്. ഇക്കാര്യം പരിഗണിച്ച് നറുക്കെടുപ്പ് മാറ്റണം. ക്ഷേമനിധി പെൻഷൻകാർക്ക് 2000 രൂപയുടെ കുപ്പണ് നൽകാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.