കോട്ടയം: ഭാഗ്യദേവത കനിഞ്ഞതിന്റെ സന്തോഷത്തിലാണു മൂലവട്ടം തുരുത്തുമ്മേൽ താഴവന മറ്റത്തിൽ കെ.സി. കുട്ടനും കുടുംബവും. ഇന്നലെ നറുക്കെടുത്ത ഓണം ബന്പറിന്റെ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയാണു ഇവർക്കു ലഭിച്ചത്. ദിവസങ്ങളായി ഓണം ബന്പറിന്റെ വില്പന നടക്കുന്നുണ്ടെങ്കിലും ഇന്നലെ രാവിലെയാണു കുട്ടൻ ടിക്കറ്റ് എടുത്തത്.
വൈകുന്നേരത്തോടെ സമ്മാനം ലഭിച്ചതായുള്ള സന്തോഷ വാർത്തയാണു ഇവരെ തേടിയെത്തിയത്.
ഒട്ടുമിക്ക ദിവസങ്ങളിലും ഭാഗ്യം പരീക്ഷിക്കാനായി ലോട്ടറി ടിക്കറ്റുകൾ എടുക്കുന്നയാളായിരുന്നു കുട്ടൻ. ഓണം ബന്പർ പുറത്തിറക്കിയ ദിവസം മുതൽ ടിക്കറ്റ് എടുക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെയാണ് ടിക്കറ്റ് എടുക്കാൻ സാധിച്ചത്. 10ദിവസത്തെ തുക കൂട്ടിവച്ചാണ് ടിക്കറ്റ് എടുത്തത്. മൂലവട്ടം പ്രദേശത്ത് ലോട്ടറി വില്പന നടത്തുന്ന സുദേവനിൽ നിന്നാണ് ടിക്കറ്റ് എടുത്തത്.
താൻ വിറ്റ ടിക്കറ്റിനു സമ്മാനം അടിച്ചിട്ടുണ്ടെന്നു അറിഞ്ഞ സുദേവൻ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുട്ടന്റെ വീട്ടിലെത്തി. ഉടൻ തന്നെ അയൽവാസികൾ ഇന്റർനെറ്റിൽ പരിശോധിച്ച് സമ്മാനം അടിച്ചിട്ടുണ്ടെന്നു ഉറപ്പിച്ചു. തുടർന്നു പള്ളം എസ്ബിടിയിൽ ലോട്ടറി ടിക്കറ്റ് സമർപ്പിച്ചു.
അമ്മ തങ്കമ്മയും, ഭാര്യ ലില്ലിക്കുട്ടി, മക്കളായ ടി.കെ ആതിരയും, ടി.കെ അനിലയും, ടി.കെ അനീഷും അടങ്ങുന്ന കുടുംബത്തോടൊപ്പം മൂലവട്ടം തുരുത്തുമ്മേൽ ചിറയിലെ കൊച്ചു വീട്ടിലാണ് കുട്ടൻ താമസിക്കുന്നത്. കടങ്ങളെല്ലാം വീട്ടിയശേഷം വീട് അറ്റകുറ്റപണി നടത്തണമെന്നുമാണ് കുട്ടന്റെ ആഗ്രഹം.