കോട്ടയം: ലോട്ടറിത്തട്ടുകൾ നിരന്നു. നിർത്തിവച്ചിരുന്ന ലോട്ടറി വില്പന ഇന്നലെ മുതൽ പുനരാരംഭിച്ചു. ലോക്ക്ഡൗണിനെത്തുടർന്ന് നറുക്കെടുപ്പ് മാറ്റിവച്ച ഭാഗ്യക്കുറികളുടെ വില്പനയാണ് ഇപ്പോൾ നടക്കുന്നത്.
കോട്ടയം നഗരത്തിലെ ലോട്ടറിയുടെ മൊത്ത വിതരണ കടകൾ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളുടേതായതിനാൽ തുറന്നു പ്രവർത്തിക്കുന്നില്ല. ഇവർ ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോൾ നാട്ടിലേക്ക് പോയതാണ്. തിരിച്ചെത്തിയിട്ടില്ല. പൊതുഗതാഗതം ഉൾപ്പെടെ ആരംഭിക്കാത്തതിനാൽ ചില്ലറ വിൽപനക്കാർ കുറവാണ്.
ജൂണ്‍ രണ്ടു മുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്. ജൂണ്‍ രണ്ടിന് നറുക്കെടുപ്പ് നടക്കുന്ന പൗർണമി ടിക്കറ്റിന്റെ വിൽപനയാണ് ഇപ്പോൾ നടന്നത്. നഗരത്തിലും ബസ് സ്റ്റാൻഡുകളിലും ആളുകൾ കുറവായതിനാൽ കാര്യമായ വിൽപന നടക്കുന്നില്ല.
വരും ദിവസങ്ങളിൽ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വിൽപനക്കാർ. സ്ക്, സാനിറ്റൈസർ അടക്കമുള്ള മുൻകരുതലുകൾ പൂർണമായും പാലിച്ചായിരുന്നു ടിക്കറ്റ് വിൽപന.
ഭാഗ്യക്കുറിയിൽനിന്നുള്ള ലാഭം പൂർണമായും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായിട്ടാണ് സർക്കാർ വിനിയോഗിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്ക് വിൽപന പുനരാരംഭിക്കുവാൻ ബോർഡിൽനിന്നും 3,500 രൂപയുടെ മുൻകൂർ സഹായവും നൽകിയിരുന്നു.