ഭാഗ്യനിധി ലോട്ടറി ഒന്നാം സമ്മാനം കള്ളുഷാപ്പ് തൊഴിലാളിക്ക്; ഒരു കൊച്ചുവീടും വിവാഹവുമാണ് സ്വപ്നമെന്നും ഭാഗ്യവാന്‍

KNR-LOTTARYകാസര്‍ഗോഡ്: പ്രാരാബ്ധങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമൊടുവില്‍ ബന്തടുക്ക മൊട്ടയിലെ എം.ബി. ബിജുവിനെയും കുടുംബത്തെയും തേടിയെത്തിയത് 65 ലക്ഷത്തിന്റെ ഭാഗ്യനിധി.   കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പടുപ്പ് ശങ്കരമ്പാടിയിലെ കള്ളുഷാപ്പിലെ സെയില്‍സ്മാനാണ് 34കാരനായ ബിജു. കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ ദിവസവും ഒരു ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലം ബിജുവിനുണ്ട്. നാട്ടിലെ ലോട്ടറി ഏജന്റായ ബാലനില്‍ നിന്നാണ് ടിക്കറ്റ് എടുക്കുക.

കാസര്‍ഗോഡ് മധു ലോട്ടറി ഏജന്‍സി വിതരണം ചെയ്ത ബിവൈ 725070 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മുമ്പ് 5000, 1000 എന്നിങ്ങനെ ചെറിയ സമ്മാനങ്ങള്‍ കിട്ടിയിരുന്നെങ്കിലും വലിയൊരു തുക ഇതാദ്യമായാണ് ലഭിക്കുന്നത്.തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് ദൈവം അറിഞ്ഞു നല്‍കിയ സമ്മാനമാണിതെന്ന് ബിജു പറയുന്നു. “നാലു മക്കളാണ് ഞങ്ങള്‍. തെങ്ങുകയറ്റതൊഴിലാളിയായിരുന്ന അച്ഛന്‍ ഭാസ്കരന്‍ ചെറുപ്പത്തിലെ മരിച്ചു.

പിന്നീട് വളരെ കഷ്ടപ്പെട്ടാണ് അമ്മ പത്മാക്ഷി ഞങ്ങളെ വളര്‍ത്തിയത്.’ ഒരേക്കര്‍ സ്ഥലവും ഒരു ഓടിട്ട വീടും മാത്രമാണ് ഈ കുടുംബത്തിന്റെ സമ്പാദ്യം. മൂത്ത ചേട്ടന്‍ തെങ്ങുകയറ്റതൊഴിലാളിയായ ഷിബു എട്ടുവര്‍ഷം മുമ്പ് മരിച്ചു. അമ്മ, ബന്തടുക്കയിലെ ഓട്ടോഡ്രൈവറായ ചേട്ടന്‍ ഷിജു, ഭാര്യ, മകന്‍ എന്നിവര്‍ക്കൊപ്പം ഈ കുഞ്ഞുവീട്ടിലാണ് ബിജു താമസിക്കുന്നത്. സമ്മാനമായി കിട്ടിയ പണം ധൂര്‍ത്തടിക്കാന്‍ താനില്ലെന്ന് ബിജു പറയുന്നു. ബാങ്ക് വായ്പയുടെ തിരിച്ചടവ്, പുതിയൊരു വീട്, വിവാഹം തുടങ്ങി ഒരു സാധാരണക്കാരന്റെ മോഹം മാത്രമേ ഈ ചെറുപ്പക്കാരനുള്ളൂ.

Related posts