പയ്യന്നൂര്‍:ലോട്ടറി ടിക്കറ്റ് നമ്പറില്‍ തിരുത്തല്‍ വരുത്തി സമ്മാനത്തുക വാങ്ങിയ വിരുതന് അറസ്റ്റില്‍. ചീമേനി ചെമ്പ്രകാനത്തെ പ്രവാസിയായ എം.ബഷീറാണ് (47) അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.രണ്ട് ദിവസം മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂര്‍ ടൗണില്‍ നടന്ന് ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന കരിവെള്ളൂര്‍ കുണിയനിലെ കുഞ്ഞമ്പുവിനേയാണ് ഇയാള്‍ കബളിപ്പിച്ചത്.
ബഷീര്‍ ഓണക്കുന്നില്‍ നിന്നെടുത്ത എട്ട് ടിക്കറ്റില്‍ നിന്ന് 489ല്‍ അവസാനിക്കുന്ന ടിക്കറ്റിനെ 499 ആക്കി തിരുത്തല്‍ വരുത്തിയാണ് കുഞ്ഞമ്പുവിനെ സമീപിച്ചത്. ഇതിന്റെ സമ്മാനത്തുകയായ 5000 രൂപയില്‍ 4000 രൂപ പണമായും ബാക്കി തുകയ്ക്ക് ലോട്ടറി ടിക്കറ്റും വാങ്ങുകയായിരുന്നു.
ഏജന്‍സി ഓഫിസില്‍ കൊടുത്ത ടിക്കറ്റിന്റെ ബാര്‍കോഡ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.ഇതേ തുടര്‍ന്ന് ലോട്ടറി വില്പ്പനക്കാരന് പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.പയ്യന്നൂര്‍ സിഐ എ.വി.ദിനേശന്, എസ്ഐ ശ്രീജിത്ത് കൊടേരി, സിപിഒ രാജേഷ് എന്നിവരടങ്ങുന്ന സംഘത്തിന്റെ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. വഞ്ചന, വ്യാജരേഖയുണ്ടാക്കി യഥാര്‍ഥമാണെന്ന് വിശ്വസിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്.