തിരുവനന്തപുരം: ലോക്ക്ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ച പ്രദേശങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളിൽ, ജനുവരി 23 മുതൽ നറുക്കെടുത്ത ഭാഗ്യക്കുറികളുടെ സമ്മാനാർഹമായ ടിക്കറ്റുകൾ പൊതുജനങ്ങളിൽനിന്നും ഏജന്റുമാരിൽനിന്നും സ്വീകരിക്കും.
ഇത്തരത്തിൽ ഹാജരാക്കുന്ന ടിക്കറ്റുകൾ കന്പ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകി സൂക്ഷിക്കും. ഏജന്റുമാർ ആവശ്യപ്പെടുന്നപക്ഷം നിലവിൽ ഓഫീസുകളിൽ വിൽപ്പനയ്ക്കുള്ള ടിക്കറ്റുകൾ പകരം നൽകുകയോ പുതിയ ടിക്കറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് നൽകുകയോ ചെയ്യും.
പൊതുജനം ഹാജരാക്കുന്ന സമ്മാന ടിക്കറ്റുകൾക്ക് നിലവിൽ അനുവർത്തിച്ചുവരുന്ന മാർഗത്തിൽ സമ്മാനവിതരണം നടത്തും. സർക്കാർ ലോക്ക് ഡൗണിൽ പൂർണ ഇളവ് അനുവദിക്കുന്ന മുറയ്ക്കാണു ലോട്ടറി വിൽപ്പന അനുവദിക്കുക.
കഴിഞ്ഞ ഞായറാഴ്ച മുതൽ പുനരാരംഭിക്കാനിരുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടിയിരുന്നു. 19 മുതൽ 26 വരെ നറുക്കെടുക്കാനിരുന്ന പൗർണമി (ആർഎൻ 435), വിൻവിൻ (ഡബ്ലിയു 557), സ്ത്രീശക്തി (എസ്എസ് 202), അക്ഷയ (എകെ 438), കാരുണ്യ പ്ലസ് (കഐൻ 309), നിർമൽ (എൻആർ 166), പൗർണമി (ആർഎൻ 436) ഭാഗ്യക്കുറികൾ യഥാക്രമം അടുത്തമാസം 10, 13, 16, 19, 22, 25, 28 തീയതികളിൽ നറുക്കെടുക്കും.
ഏപ്രിൽ 28-ലേക്ക് നറുക്കെടുപ്പ് മാറ്റിയ സമ്മർ ബന്പർ (ബിആർ 72) ഭാഗ്യക്കുറി മേയ് 31-ന് നറുക്കെടുക്കും. നേരത്തെ ഇതിനൊപ്പം നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കാരുണ്യ (കെആർ 441) (28.03.2020), വിൻവിൻ (ഡബ്ലിയു 558) (30.03.2020), സ്ത്രീശക്തി (എസ്എസ് 203) (31-03-2020) ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽപ്പന നടത്തിയിട്ടില്ലാത്തതിനാൽ റദ്ദുചെയ്തു.
ആദ്യഘട്ടത്തിൽ റദ്ദു ചെയ്ത ഏപ്രിൽ ഒന്ന് മുതൽ 28 വരെയുള്ള ടിക്കറ്റുകൾക്കൊപ്പം ഏപ്രിൽ 29, 30 തീയതികളിലെ അക്ഷയ (എകെ 443), കാരുണ്യ പ്ലസ് (കഐൻ 314) ടിക്കറ്റുകൾ കൂടി റദ്ദാക്കി. ഇതിനു പുറമെ മേയ് മാസത്തെ മുഴുവൻ ടിക്കറ്റുകളും റദ്ദാക്കി.
ഇതോടെ മാർച്ചിൽ ഭാഗികമായും ഏപ്രിൽ, മേയ് മാസങ്ങളിൽ പൂർണമായും ഭാഗ്യക്കുറി ടിക്കറ്റുകൾ റദ്ദുചെയ്തു. വിഷു ബന്പർ (ബിആർ 73) ടിക്കറ്റും റദ്ദാക്കിയിട്ടുണ്ട്.