മട്ടന്നൂർ: വിറ്റുതീരാതെ ബാക്കി വന്ന ടിക്കറ്റിൽ ലോട്ടറി വില്പനക്കാരനായ വയോധികന് 80 ലക്ഷം. ചാലോട് കൊളോളം മുണ്ടപറമ്പ് ഷീനാ നിവാസിൽ കെ.കെ. ശ്രീധരനെ (71) യാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഇന്നലെ നറുക്കെടുത്ത പിജി: 643588 -കെഎൻ 264 കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിലൂടെയാണ് ശ്രീധരൻ ലക്ഷാധിപതിയായത്. ചാലോട് ടൗണിലെ അനശ്വര ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തത്.
ലോട്ടറി വിൽപ്പന നടത്തുന്ന ശ്രീധരൻ തീരാതെ ബാക്കി വരുന്ന ടിക്കറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്നത് പതിവാണ്. ഇന്നലെ വില്പനയ്ക്കെടുത്ത ടിക്കറ്റിൽ 20 എണ്ണം മിച്ചം വന്നതോടെ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. വൈകുന്നേരം റിസൾട്ട് വന്നതോടെയാണ് തന്റെ കൈവശമുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നറിയുന്നത്.
ഇന്നു രാവിലെ ഭാര്യക്കും പേരക്കുട്ടികൾക്കുമൊപ്പം കേരള ഗ്രാമീണ ബാങ്ക് ചാലോട് ശാഖയിൽ എത്തി ടിക്കറ്റ് കൈമാറുകയുമായിരുന്നു.മുമ്പ് ടെയ്ലറായിരുന്ന ശ്രീധരൻ ശാരീരിക പ്രയാസമുണ്ടായതിനെ തുടർന്നു ലോട്ടറി ഏജന്റാകുകയായിരുന്നു. 17 വർഷത്തോളമായി ടിക്കറ്റ് വിൽപന തുടങ്ങിയിട്ടെന്ന് ശ്രീധരൻ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് താൻ വിറ്റ ടിക്കറ്റിന് ബ്ലാത്തൂർ സ്വദേശിയായ ഹോട്ടൽ തൊഴിലാളിക്ക് 7 ലക്ഷം സമ്മാനം ലഭിച്ചിരുന്നു. ബാങ്കിൽ നടന്ന ചടങ്ങിൽ ശ്രീധരൻ റീജണൽ മാനേജർ വി.എം.രവിക്ക് ടിക്കറ്റ് കൈമാറി. ബ്രാഞ്ച് മാനേജർ ചുമതലയുള്ള ടി.കെ.പ്രശാന്തി, സി.പി.ഭാനുപ്രകാശ്, എ. രത്നാകരൻ, സി. പ്രകാശൻ, ജാക്സൻ ജേക്കബ് എന്നിവരും ശ്രീധരന്റെ ഭാര്യ പി. ജാനകിയും പേരക്കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.