ജോണ്സണ് വേങ്ങത്തടം
കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനഘടനയിൽ വൻമാറ്റം വരുത്തിയപ്പോൾ ലോട്ടറി വിറ്റു ജീവിക്കുന്ന മൂന്നു ലക്ഷത്തോളം വരുന്ന ചെറുകിട വില്പനക്കാർക്കു കനത്ത തിരിച്ചടി. ജനുവരി ഒന്നുമുതൽ ലോട്ടറി സമ്മാനങ്ങളിൽ മാറ്റം വന്നപ്പോൾ വഴി നീളെ നടന്നു വില്പന നടത്തുന്നവർക്കാണ് കനത്ത പ്രഹരമായത്.
സ്ത്രീശക്തി, അക്ഷയ, കാരുണ്യ, കാരുണ്യപ്ലസ്, നിർമൽ, പൗർണമി, വിൻവിൻ തുടങ്ങിയ ലോട്ടറികളുടെ സമ്മാനഘടനയിലാണ് മാറ്റം വരുത്തിയത്. വിൻ – വിൻ ,പൗർണ്ണമി, സ്ത്രീശക്തി,കാരുണ്യ,കാരുണ്യ പ്ലസ്,നിർമൽ,അക്ഷയ തുടങ്ങിയ ലോട്ടറികളുടെ രണ്ടാം സമ്മാനത്തുക ഗണ്യമായി കുറച്ചു കൊണ്ടാണ് ഉദ്യോഗസ്ഥർ പരിഷ്ക്കരണ നടപടി ആരംഭിച്ചത്.
അതേ സമയം 5000 രൂപയുടെ സമ്മാനത്തുകയിൽ മാത്രമാണ് എണ്ണത്തിൽ നേരിയ വർധനവ് വരുത്തിയിരിക്കുന്നത്. എന്നാൽ മറ്റുസമ്മാനങ്ങളുടെ എണ്ണം കുറച്ചു കൊണ്ടാണ് 5000 ത്തിന്റെ എണ്ണം വർധിപ്പിച്ചിരിക്കുന്നത്. പല ടിക്കറ്റുകളുടെയും രണ്ടായിരത്തിന്റെ സമ്മാനം വെട്ടിക്കുറച്ചു.
2018 ഡിസംബറിൽ സ്ത്രീശക്തി ലോട്ടറിയ്ക്കു മൊത്തം 243013 സമ്മാനങ്ങൾക്കായി പതിനഞ്ച് കോടി രണ്ടു ലക്ഷത്തിതൊണ്ണൂറ്റാറായിരം രൂപ സമ്മാനം നൽകി. എന്നാൽ സമ്മാനഘടന മാറ്റിയപ്പോൾ ജനുവരി മുതൽ 238693 സമ്മാനങ്ങളായി കുറഞ്ഞു. പതിനഞ്ച് കോടി രണ്ട് ലക്ഷത്തിയിരുപത്തി എണ്ണായിരം രൂപ സമ്മാനിച്ചു. മൊത്തം തുകയിൽ 68000 രൂപ കുറഞ്ഞു. സമ്മാനത്തിൽ 4320 എണ്ണം കുറവ്. 5000 രൂപ സമ്മാനം 2160 എണ്ണം വർധിച്ചപ്പോൾ 2000,1000 രൂപ സമ്മാനങ്ങൾ ഗണ്യമായി കുറഞ്ഞു. രണ്ടാം സമ്മാനം പത്തു ലക്ഷം അഞ്ചുലക്ഷമാക്കി.
അക്ഷയ ടിക്കറ്റിൽ ഡിസംബറിൽ മൊത്തം 226825 സമ്മാനം നൽകിയപ്പോൾ ജനുവരിയിൽ 219265 സമ്മാനം നൽകി. കുറവ് 7560 സമ്മാനങ്ങൾ. രണ്ടായിരം , ആയിരം , 500 രൂപ സമ്മാനങ്ങൾ ഗണ്യമായ കുറവ് വരുത്തി. കാരുണ്യപ്ലസിൽ ഡിസംബറിൽ 221421 സമ്മാനങ്ങളിൽ ജനുവരിയിൽ 216921 സമ്മാനമായി. കുറവു വന്നതു 4500 സമ്മാനങ്ങൾ. രണ്ടാം സമ്മാനം 10 ലക്ഷം അഞ്ചു ലക്ഷമാക്കി കുറച്ചു.
രണ്ടായിരം, ആയിരം സമ്മാനങ്ങൾ കുറച്ചു. നിർമൽ ലോട്ടറിയിൽ 5400 സമ്മാനങ്ങൾ കൂടിയപ്പോൾ രണ്ടായിരം രൂപയുടെ 8640 സമ്മാനങ്ങൾ പൂർണമായി ഇല്ലാതാക്കി. കാരുണ്യ ടിക്കറ്റിൽ രണ്ടായിരത്തിന്റെ സമ്മാനങ്ങൾ പൂർണമായി നിർത്തി. മൊത്തം സമ്മാനത്തിൽ 3600 എണ്ണം കൂട്ടി. എന്നാൽ മൊത്തം സമ്മാനത്തുക കൂട്ടിയില്ല. പൗർണമി ടിക്കറ്റിൽ ഡിസംബറിൽ 214934 സമ്മാനങ്ങളാണ് നൽകിയത്. രണ്ടായിരം , ആയിരം, 500 രൂപ സമ്മാനങ്ങൾ കുറച്ചു. വിൻവിൻ ടിക്കറ്റ് മൊത്തം സമ്മാനത്തിൽ 6840 എണ്ണം വർധിച്ചപ്പോൾ രണ്ടായിരം രൂപയുടെ 8640 സമ്മാനങ്ങൾ പൂർണമായും നിർത്തി.
കാരുണ്യയ്ക്കും കാരുണ്യ പ്ലസിനും നാല്പതു രൂപയാണ് ടിക്കറ്റ് വില. ബാക്കി ടിക്കറ്റുകൾക്കു 30 രൂപ വീതമാണ് വില. കാരുണ്യയും കാരുണ്യ പ്ലസും 90,000 ടിക്കറ്റുകൾ അടിക്കുന്പോൾ ബാക്കി ടിക്കറ്റുകൾ ഒരു ലക്ഷത്തിലധികം പ്രിന്റ് ചെയ്തു വിപണിയിലെത്തിക്കുന്നു.യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്പോൾ ലോട്ടറിയിൽ നിന്നും സംസ്ഥാന സർക്കാരിനു വിറ്റുവിരവ് 7394.91 കോടിയായിരുന്നു.
പല ദിവസങ്ങളിലും ലോട്ടറി വിൽക്കാതെ കൈയിലിരുന്ന് നഷ്ടം വരികയാണെന്ന് തൊഴിലാളികൾ പറഞ്ഞു. മുഴുവൻ പണവും മുൻകൂർ കൊടുത്തു ടിക്കറ്റ് എടുക്കുന്നതിനാൽ സർക്കാരും ഉദ്യോഗസ്ഥരും അറിയുന്നില്ല. ഏകദേശം 35000 രജിസ്റ്റർഡ് ഏജന്റുമാരും മൂന്നു ലക്ഷത്തിലധികം വില്പനക്കാരുമാണ് കേരളലോട്ടറിയെ പിടിച്ചുനിർത്തുന്നത്.
കേരള ലോട്ടറിയുടെ സമ്മാനങ്ങൾ പരിഷ്കരിക്കും എന്നു പ്രഖ്യാപിച്ച സർക്കാർ സമ്മാനഘടനയിൽ ഒരു രൂപ പോലും വർധിപ്പിക്കാതെ നിലവിലുള്ള സമ്മാനങ്ങൾ ഇല്ലാതാക്കി ഏജന്റുമാരെ വഞ്ചിക്കുകയായിരുന്നുവെന്നു കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ( ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ കുറ്റപ്പെടുത്തി.