ഹരിപ്പാട്: സഹോദരന്റെ കടയിൽ നിന്നെടുത്ത ലോട്ടറിക്ക് ജ്യേഷ്ഠന് ഒന്നാംസമ്മാനം. ഇന്നലെ നറുക്കെടുത്ത കേരളാ സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് കെട്ടിട നിർമാണത്തൊഴിലാളിയായ കണ്ടല്ലൂർ തെക്ക് വൃന്ദാവനം വീട്ടിൽ വി.ഷാജിക്ക് ലഭിച്ചത്. കെട്ടിടനിർമാണ ജോലി ചെയ്തു വരുന്ന ഷാജി ദിവസവും ലോട്ടറി എടുക്കാറുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഇദ്ദേഹം ഇളയ സഹോദരൻ തന്പി പുല്ലുകുളങ്ങര ചന്തക്കു സമീപം നടത്തിവരുന്ന ശ്രീദുർഗാ ലക്കിസെന്ററിൽ നിന്നും വാങ്ങിയ എസ്.ഡി.626495 എന്ന ടിക്കറ്റാണ് ഷാജിയെ ലക്ഷാധിപതിയാക്കിയത്. വീടുനിർമാണത്തിനായി എടുത്ത ബാങ്ക് ലോണ്‍ കുടിശികയായതിനാൽ കുടുംബം ജപ്തി ഭീഷണി നേരിടുകയുമായിരുന്നു.
താങ്ങാനാവാത്ത കടവും കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുളള ബുദ്ധിമുട്ടുകൾക്കുമിടയിലാണ് ഷാജിയെ ഭാഗ്യദേവതയുടെ കടാക്ഷം തേടിയെത്തുന്നത്. ടിക്കറ്റ് പുല്ലുകുളങ്ങര സർവീസ് സഹകരണ ബാങ്കിൽ ഏൽപിക്കും. ഭാര്യ രേഖ വീട്ടമ്മയാണ്. മകൻ ശംഭു എൻജിനിയറിംഗ് വിദ്യാർഥിയും മകൾ ശിൽപ പത്താം ക്ലാസ് വിദ്യാർഥിനിയുമാണ്.