മരട്: ലോട്ടറി വില്പന ജീവിത വ്രതമാക്കിയ പനങ്ങാട് സ്വദേശിക്ക് ഒടുവിൽ അറുപത്തഞ്ചാം വയസിൽ കാരുണ്യയുടെ കനിവ്. സംസ്ഥാന ഭാഗ്യക്കുറിയുടെ ശനിയാഴ്ച നറുക്കെടുത്ത “കാരുണ്യ’ യുടെ ഒന്നാം സമ്മാനമായ ഒരു കോടി ക്ക് അർഹനായത് എറണാകുളം പനങ്ങാട് ഉദയത്തും വാതിൽ തേവലക്കാട് വീട്ടിൽ സുരേന്ദ്രൻ നായരാണ്. കെകെ 159595 നമ്പരിലുള്ള ടിക്കറ്റിൽ കാരുണ്യയുടെ ഇരുന്നൂറ്റി എൺപത്തി രണ്ടാമത് നറുക്കെടുപ്പിലൂടെയാണ് നാട്ടുകാരുടെ സ്വന്തം “ലോട്ടറി ചേട്ടനെ ‘ ഭാഗ്യം കടാക്ഷിച്ചത്.
ലോട്ടറി വില്പന നടത്തുന്ന സബ് – ഏജന്റ് കൂടിയായ സുരേന്ദ്രൻ നായർ വൈറ്റില ശ്രീലഷ്മി എജൻസീസിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്. വില്പനക്കു ശേഷം ബാക്കിവന്ന ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. സമ്മാനാർഹമായ ടിക്കറ്റിന് ഒരു കോടി രൂപ കൂടാതെ കൈയ്യിലുണ്ടായിരുന്ന മറ്റു സീരിയലുകളിലെ ഇതേ നമ്പരുള്ള നാല് ടിക്കറ്റിലൂടെ സമാശ്വാസ സമ്മാനമായ പതിനായിരം രൂപ വീതവും ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വില്പന നടത്തിയതിന്റെ കമ്മീഷനായി എട്ട് ലക്ഷം രൂപയും സുരേന്ദ്രന് ലഭിക്കും.
പതിനഞ്ച് വയസ് മുതൽ കുടുംബം പോറ്റാനായി ലോട്ടറി ടിക്കറ്റ് വില്പനയ്ക്കിറങ്ങിയ സുരേന്ദ്രനെ ഇപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഭാര്യ ജലജ, മക്കളായ സുമേഷ്, അരുൺ എന്നിവരോടൊപ്പം പനങ്ങാട് അമൃത ആശുപത്രിക്ക് സമീപത്തുള്ള ഒരു കൊച്ചു വീട്ടിൽ താമസിക്കുന്ന സുരേന്ദ്രന് ഒരു വലിയ മോഹങ്ങളൊന്നുംതന്നെയില്ല.
കോടിപതിയായിട്ടും ഇന്നലെയും പതിവു തെറ്റിക്കാതെ നാട്ടിൽനടന്ന് ടിക്കറ്റ് വില്പനയ്ക്കിറങ്ങി. നന്നേ ചെറുപ്പത്തിലേ ജീവിക്കുവാൻ മറ്റ് ചുറ്റുപാടുകളില്ലാത്തതിനാൽ ലോട്ടറി വില്പനയ്ക്കിറങ്ങേണ്ടി വന്ന സുരേന്ദ്രന് ലഭിച്ച ഭാഗ്യത്തിൽ ഏറെ സന്തുഷ്ടരാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.