ചക്കരക്കൽ: ഏച്ചൂർ കെസിബി ഓഫീസിനു സമീപം ലോട്ടറി വിൽപന നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന വയോധികന്റെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുമായി ബൈക്കിലെത്തിയ യുവാവ് കടന്നു. ഏച്ചൂർ നല്ലാഞ്ചി സ്വദേശിയായ ചുന്തരൻ നാരായണന്റെ കൈവശമുണ്ടായിരുന്ന ടിക്കറ്റാണ് യുവാവ് മോഷ്ടിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഏച്ചൂർ കെസിബി ഓഫീസിനു സമീപത്തുള്ള ഹോട്ടലിന്റെ വരാന്തയിൽ ടിക്കറ്റ് വിൽപന നടത്തുകയായിരുന്ന വയോധികനെ കണ്ണൂർ ഭാഗത്തേക്ക് മോട്ടോർ ബൈക്കിൽ പോവുകയായിരുന്ന യുവാവ് ലോട്ടറി ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന റോഡിന്റെ അരികിലേക്കു വിളിക്കുകയും അവരുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ടിക്കറ്റും വാങ്ങിയതിനുശേഷം അതിൽ നിന്നും 39 ടിക്കറ്റ് എടുത്ത് ബാക്കിയുള്ളവ തിരിച്ചു കൊടുത്തതിനുശേഷം ടിക്കറ്റിന്റെ വില കൊടുക്കാതെ മോട്ടോർ ബൈക്കുമായി കണ്ണൂർ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു.
സംഭവ സമയം യുവാവ് ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല.1170 രൂപയുടെ ഇന്നത്തെ ടിക്കറ്റുമായാണ് യുവാവായ മോഷ്ടാവ് രക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. സമീപത്തുള്ള നിരീക്ഷണ കാമറകൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.