പൊൻകുന്നം: ലോട്ടറി ടിക്കറ്റിലെ നന്പർ തിരുത്തിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. വ്യാഴാഴ്ച നടന്ന കാരുണ്യപ്ലസ് ലോട്ടറി (കെഎൻ 422) യുടെ ടിക്കറ്റിലാണ് 5000, 2000 രൂപകളുടെ തട്ടിപ്പ് ഇന്നലെ രാവിലെ പൊൻകുന്നത്ത് നടന്നത്.
നടന്നു ലോട്ടറി വിൽപന നടത്തുന്ന പൊൻകുന്നം സ്വദേശികളായ കോയപ്പള്ളി കൊടുമണ്ണിൽ കെ.എം. ജേക്കബിന്റെ 5000 രുപാ, നരിയനാനി മരംകൊള്ളിൽ കെ.എം. ജോസഫിന്റെ 2000 രുപാ വീതമാണ് തിരുത്തിയ ടിക്കറ്റ് കൊടുത്ത് പണം തട്ടിയെടുത്തത്.
ഇവർ പൊൻകുന്നം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 423003 എന്ന ഒറിജനൽ ടിക്കറ്റിലെ അവസാന അക്കമായ മൂന്ന് തിരുത്തി എട്ടെന്നാക്കിയായിരുന്നു തട്ടിപ്പ്.
428008 എന്ന നന്പറിലുള്ള ലോട്ടറി മൊത്ത വ്യാപാര സ്ഥാപനത്തിൽ സ്കാനറിൽ പരിശോധിച്ചതിനാലാണ് തട്ടിപ്പ് മനലായത്. അപ്പോഴേക്കും ടിക്കറ്റ് തിരുത്തി ബൈക്കിൽ വന്നയാൾ രക്ഷപെട്ടിരുന്നു.
പ്രായമായവരും കാലുകൾ വയ്യാതെ നടന്നും നിരങ്ങിയും കച്ചവടം നടത്തുന്നവരും കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ട്. 5000 രൂപാ മുതൽ 10000 രൂപാ വരെ സംഘം തട്ടിയെടുത്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി, തന്പലക്കാട്, വാഴൂർ, കറുകച്ചാൽ, ഈരാട്ടുപേട്ട എന്നിവടങ്ങളിലും തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. ലോട്ടറി തിരുത്തി വ്യാപകമായ തട്ടിപ്പാണ് ഇപ്പോൾ നടന്നുവരുന്നത്.
നടന്നു വ്യാപാരം ചെയ്യുന്ന ലോട്ടറിക്കച്ചവടക്കാർ ഇതോടെ പ്രതിസന്ധിയിലായി.