കൊല്ലം: ലോട്ടറി ടിക്കറ്റിന്റെ നന്പർ തിരുത്തി പണം തട്ടിവന്ന രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. പോളയത്തോട് സ്വദേശി ഷാജഹാൻ, പള്ളിമുക്ക് സ്വദേശി അൻസർ എന്നിവരാണ് പിടിയിലായത്. സമ്മാനമടിക്കാത്ത ലോട്ടറി ടിക്കറ്റിന്റെ നന്പർ വെട്ടി ടിക്കറ്റിൽ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിവന്നത്. 1000, 500, 100 രൂപയുടെ സമ്മാനങ്ങളാണ് തട്ടിപ്പിലൂടെ നേടിവന്നത്.
അംഗീകൃത ഏജൻസികളിൽ പോയി ഇവർ ടിക്കറ്റ് മാറ്റാറില്ല. ചെറുകിട ലോട്ടറി വിൽപ്പനക്കാരെയാണ് സമീപിക്കുന്നത്. 1000 രൂപയടിച്ചതായുള്ള ടിക്കറ്റ് നൽകിയിട്ട് 500 രൂപയ്ക്കുവരെ ടിക്കറ്റ് എടുക്കുന്നത് ഇവരുടെ പതിവാണെന്ന് പോലീസ് പറഞ്ഞു. ചെറുകിട വിൽപ്പനക്കാർ ഇവരുടെ കൈയിൽനിന്ന് വാങ്ങിയ ടിക്കറ്റ് ഏജൻസികളിൽ നൽകിയതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്.
ഇത്തരത്തിൽ നിരവധിപേരാണ് ഇവരുടെ തട്ടിപ്പിന് ഇടയായിട്ടുള്ളത്. ടിക്കറ്റ് മാറാനെത്തിയ അനസറിനെ വിൽപ്പനക്കാരൻ തടഞ്ഞുവച്ച് ഏജൻസിയിലറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി അൻസറിനെ പിടികൂടി. ഇയാളുടെ സഹായിയായ ഷാജഹാനെയും പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.