പത്തനംതിട്ട: ലോട്ടറി ടിക്കറ്റിന്റെ നമ്പരിലെ അവസാന അക്കം തിരുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി പുത്തൂര്‍ വീരകേരളം കാവളക്കുറിച്ചി വടക്ക് തെരുവില്‍ നിന്നും കുമ്പഴ അറബിക് കോളജിന് സമീപം ഹാഷിം മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന വീരക്കാളി മണികണ്ഠന് (22), പുത്തൂര്‍ വടക്ക് കാവള കുറിച്ചി വടക്ക് തെരുവില്‍ നിന്നും കുമ്പഴ കിഴക്കുമുറി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വീരശെല്വന് (32) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ടി. ബിജുവിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു നറുക്കെടുത്ത കേരള ലോട്ടറിയുടെ 5000 രൂപയുടെ സമ്മാനം ലഭിച്ച നമ്പര്‍ നോക്കിയ ശേഷം കൈവശം ഉണ്ടായിരുന്ന ടിക്കറ്റിലെ അവസാന അക്കമായ എട്ട് തിരുത്തി പൂജ്യമാക്കിയാണ് തട്ടിപ്പിനു ശ്രമിച്ചത്. കുമ്പഴയില്‍ റോഡരികില്‍ വടയുണ്ടാക്കി വില്‍ക്കുന്നവരാണ് പ്രതികള്‍. വീരശെല്വനാണ് ടിക്കറ്റ് ചുരണ്ടി എട്ട്, പൂജ്യമാക്കി മാറ്റിയത്. അതിന് ശേഷം മണികണ്ഠന്റെ കൈവശം ടിക്കറ്റ് മാറുന്നതിന് കൊടുത്തു വിട്ടു.
5000 രൂപയുടെ സമ്മാനം ടിക്കറ്റിന് ഉണ്ടെന്ന് അവകാശപ്പെട്ട് മണികണ്ഠന് പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ലോട്ടറി കച്ചവടക്കാരനെ സമീപിക്കുകയായിരുന്നു. അയാള്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ടിക്കറ്റ് ചുരണ്ടി നമ്പര്‍ തിരുത്തിയെന്ന് സംശയം തോന്നി. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ വീരശെല്വന് നല്കിയ ടിക്കറ്റാണെന്ന് പോലീസിനോട് പറഞ്ഞു. ഇതോടെ ഇയാളെയും കസ്റ്റഡിയിലെടുത്തു. ലോട്ടറി ടിക്കറ്റ് തിരുത്തി മുന്‍പും ഇവര്‍ പണം തട്ടിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇത്തരം സംഘത്തില്‍പ്പെട്ടവരാണ് ഇരുവരുമെന്നും കരുതുന്നു.
തട്ടിപ്പിന് ഇരയാകുന്ന ലോട്ടറി കച്ചവടക്കാര്‍ പരാതി നല്‍കാറില്ല. 500, 1000 രൂപയുടെ തട്ടിപ്പാകും പലപ്പോഴും നടക്കുക. ഇതുകാരണമാണ് കച്ചവടക്കാര്‍ പരാതി നല്കാന് മടിക്കുന്നത്. ഇത്തരം ടിക്കറ്റുകളുമായി ജില്ലാ ലോട്ടറി ഓഫീസില്‍ എത്തുമ്പോഴാകും തട്ടിപ്പ് കച്ചവടക്കാര്‍ തിരിച്ചറിയുന്നതും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.