കൂത്തുപറമ്പ്: ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നല്കി ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരിയായ വയോധികയിൽ നിന്നും യുവാവ് രണ്ടായിരം രൂപ തട്ടിയെടുത്തു. ഇന്നലെ രാവിലെ കൂത്തുപറമ്പ് ബീവറേജസ് കോർപറേഷനു സമീപത്തായിരുന്നു സംഭവം. ലോട്ടറി വിൽപ്പനക്കാരി വേങ്ങാട് സ്വദേശിനി പദ്മിനിയാണു തട്ടിപ്പിന് ഇരയായത്.
അവസാന നാലക്കത്തിനു രണ്ടായിരം രൂപ സമ്മാനമുണ്ടെന്ന് അറിയിച്ചു യുവാവ് 11 ന് നറുക്കെടുത്ത ലോട്ടറി ടിക്കറ്റ് പദ്മിനിക്കു നല്കുകയായിരുന്നു. ടിക്കറ്റ് വാങ്ങിയ പദ്മിനി യുവാവിനു 1500 രൂപയും 500 രൂപയ്ക്ക് ടിക്കറ്റും നല്കി. പിന്നീട് ഈ ടിക്കറ്റ് പദ്മിനി കൂത്തുപറമ്പിലെ ലോട്ടറി ഏജൻസിയിൽ നല്കിയപ്പോഴാണു താൻ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്.
ലോട്ടറി സ്റ്റാളിൽ വച്ചു ടിക്കറ്റ് സ്കാൻ ചെയ്തു പരിശോധിച്ചപ്പോഴാണു ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റാണിതെന്നു വ്യക്തമായത്. കണ്ണൂരിലെ ലോട്ടറി ഏജൻസിയുടെ സീലാണ് ഈ ടിക്കറ്റിനു പുറത്തുപതിച്ചിട്ടുള്ളത്. ഒറിജിനൽ ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് ആയിരിക്കാം ഇതെന്നും സംശയിക്കുന്നു.
പദ്മിനിയുടെ പരാതിപ്രകാരം കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി സിസിടിവി കാമറയും മറ്റും പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്. ഇതിനു മുമ്പും ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ ചുരണ്ടി മാറ്റി സമ്മാനാർഹമായ നമ്പർ പതിച്ചു വയോധികരായ ലോട്ടറി വില്പനക്കാരിൽ നിന്നും പണം തട്ടിയ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ സംഭവങ്ങളിൽ ഒന്നും തന്നെ പ്രതികളെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിരുന്നില്ല.