തളിപ്പറമ്പ്: ലോട്ടറി നമ്പര്‍ തിരുത്തി 5000 രൂപ സമ്മാനം നേടാന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയെ പിടികൂടി പോലീസിലേല്‍പ്പിച്ചപ്പോള്‍ പരാതി നല്‍കേണ്ടെന്ന് പോലീസിന്റെ വക ഉപദേശം. പ്രതിയെ പോലീസ് വിട്ടയച്ചതില്‍ പ്രതിഷേധം. ഇന്നലെ വൈകുന്നേരമാണ് തളിപ്പറമ്പ് ബസ്സ്റ്റാൻഡിലെ കെ.വല്‍സരാജിന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന് ലോട്ടറി സ്റ്റാളില്‍ ഇന്നലെ നറുക്കെടുത്ത കാരുണ്യാ പ്ലസ് ലോട്ടറി ടിക്കറ്റുമായി ഒഡീഷ സ്വദേശിയായ സുദാമ ശര്‍മ്മ(21)എത്തിയത്.
നാലാം സമ്മാനമായ 5000 രൂപ അടിച്ച അവസാനത്തെ നാലക്കമായ 5006 വരുന്ന ടിക്കറ്റാണ് ഇയാള്‍ നല്‍കിയത്. ഒറ്റനോട്ടത്തില്‍ തന്നെ 5076 നമ്പര്‍ ടിക്കറ്റ് തിരുത്തിയതാണെന്ന് ലോട്ടറി സ്റ്റാളുകാര്ക്ക് ബോധ്യപ്പെട്ടതോടെ ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പോലീസ് സുദാമ ശര്‍മ്മയുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കുകയും പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തശേഷം കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
പോലീസ് ആവശ്യപ്പെട്ടപ്രകാരമാണ് പരാതി പിന്‍വലിച്ചതെന്ന് ലോട്ടറി സ്റ്റാൾ ഉടമ പറഞ്ഞു. അടുത്തിടെയായി നിരവധി പാവപ്പെട്ട ലോട്ടറി കച്ചവടക്കാരെ അക്ഷരം തിരുത്തിയ ലോട്ടറി നല്കി വഞ്ചിച്ച സംഘത്തിലെ കണ്ണിയാണ് സുദാമ ശര്‍മ്മയെന്ന് സൂചനയുണ്ട്. ലോട്ടറി തട്ടിപ്പിന് പിന്നിലുള്ള പ്രാദേശിക സംഘങ്ങള്‍ തിരുത്തിയ ലോട്ടറി പണമാക്കി മാറ്റാന്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
ജില്ലയില്‍ ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പിടിയിലായ പ്രതിയെ പരാതിക്കാരനില്‍ സമ്മര്‍ദ്ദംചെലുത്തി പോലീസ് വിട്ടയച്ചതില്‍ ദുരൂഹതകളുണ്ടെന്ന ആരോപണങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.