കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം ഒരുമാസമായി ലോട്ടറി തൊഴിലാളികൾക്ക് ഒരു വരുമാനവും ഇല്ലാത്തതിനാൽ പട്ടിണിയിലായ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ പോലും ഇതുവരെ നൽകിയിട്ടില്ല.
5,000 രൂപ സഹായം ആവശ്യപ്പെടുന്ന തൊഴിലാളികൾക്ക് പ്രഖ്യാപിച്ചത് പോലും ലഭിക്കാതെ വലിയ പ്രതിസന്ധിയിലാണ്. സർക്കാരിലേക്കു കോടിക്കണക്കിനു രൂപ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ലോട്ടറി വില്പനക്കാർക്ക് 5,000 രൂപയുടെ അടിയന്തരസഹായം നൽകാൻ സർക്കാർ തയാറാകണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎൻടിയുസി) നിരന്തരമായി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തുടർ നടപടികളുണ്ടായില്ല.
മറ്റു ക്ഷേമനിധി ബോർഡുകൾ തൊഴിലാളികൾക്ക് 1,000 രൂപ വീതം നൽകിയപ്പോൾ ലോട്ടറി മേഖലയിലുള്ള തൊഴിലാളികൾക്ക് മാത്രം ഈ തുക ലഭിച്ചില്ലെന്നുള്ളത് തൊഴിലാളികൾക്കിടിയിൽ വിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രഖ്യാപിച്ച 1,000 രൂപ ഉടനടി ലഭിക്കണമെന്നും അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്നു കൂടുതൽ ധനസഹായം ചില്ലറ വിൽപ്പനക്കാരായ ലോട്ടറി തൊഴിലാളികൾക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്നു രാവിലെ 11ന് ഓണ്‍ലൈനിൽ ചേർന്നതാന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.