വടകര: ഗൃഹപ്രവേശനത്തിനു ഭാഗ്യക്കുറി ടിക്കറ്റ് മാതൃകയിൽ വേറിട്ടൊരു ക്ഷണക്കത്ത് തയാറാക്കി ലോട്ടറി ഏജന്റ്. പതിയാരക്കരയിലെ സി.ടി.കെ.സജിത്താണ് ഏവരേയും ആകർഷിക്കുന്ന ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. പാലയാട്ട്നടയിൽ മണിയൂർ ഹൈസ്കൂളിനു സമീപം കണാരചെട്ട്യാന്റ പറന്പിൽ നിർമിച്ച തേജാവർണം എന്ന വീടിന്റെ പ്രവേശന ചടങ്ങ് ജൂണ് ഒന്പതിനാണെന്ന് അറിയിച്ചുള്ള ക്ഷണക്കത്ത് പൂർണമായും കേരള ഭാഗ്യക്കുറി മാതൃകയിലാണ്.
ഒറ്റനോട്ടത്തിൽ നാലു കോടി രൂപയുടെ സമ്മാനം നിശ്ചയിച്ച ടിക്കറ്റാണെന്നേ തോന്നൂ. നാല് കോടി എന്നു വലുതായി എഴുതിയിട്ടുണ്ടെങ്കിലും അതിനോടൊപ്പം അത്രയും സ്നേഹാശംസകളോടെ എന്നു ചേർത്തിരിക്കുന്നു. ബാർ കോഡിനു മീതെ ടിക്കറ്റ് നന്പറിന്റെ സ്ഥാനത്ത് സജിത്തിന്റെ ഫോണ് നന്പറാണ് നൽകിയിരിക്കുന്നത്.
മറക്കാതിരിക്കാൻ സേവ് ദി ഡേറ്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഒരുക്കുന്ന സ്നേഹവിരുന്നിൽ താങ്കളെ കുടുംബ സമേതം ക്ഷണിക്കുന്നുവെന്നും ഇതിലുണ്ട്. കേരള ലോട്ടറി ടിക്കറ്റാണെന്നു തോന്നിപ്പിക്കുന്ന ചേരുവകളെല്ലാം ഇതിൽ ചേർത്തിരിക്കുന്നു. ചോറോട് കൈനാട്ടിയിൽ ലോട്ടറി സ്റ്റാളുള്ള സജിത്ത് കാറിൽ സഞ്ചരിച്ചു ഭാഗ്യക്കുറി വിൽപന നടത്തുകയും ചെയ്യുന്നു.
രണ്ടായിരത്തോളം ക്ഷണക്കത്താണ് വടകര പുതിയ സ്റ്റാന്റിലെ പ്രസിൽ നിന്ന് പ്രിന്റ് ചെയ്തത്. കാർ യാത്രക്കിടയിൽ ക്ഷണക്കത്ത് കൊടുക്കുന്പോൾ ലോട്ടറി ടിക്കാണെന്നു കരുതി വേണ്ടെന്നു പറഞ്ഞ് പോകുന്നവരുണ്ടെന്ന് സജിത് പറഞ്ഞു. ക്ഷണക്കത്താണെന്ന് ഉറപ്പിച്ചുപറഞ്ഞാലേ വാങ്ങൂ.
ഏതായാലും ഈ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്റെ ജോലിയോടുള്ള ആത്മാർഥത പ്രകടിപ്പിച്ച സജിത്തിനെ ഏവരും അഭിനന്ദിക്കുകയാണ്. നാൽപത്തിയഞ്ചുകാരനായ സജിത്തിന് ഭാര്യയും രണ്ടുമക്കളുമുണ്ട്.