ചേർത്തല: സംസ്ഥാനസർക്കാർ ഭാഗ്യക്കുറി വില്പനക്കാർക്കും ഭാഗ്യപരീക്ഷണം. സർക്കാർ വിതരണം ചെയ്യുന്ന യൂണിഫോമിൽ ഷർട്ട് ലഭിക്കുവാനാണ് ലോട്ടറി വിൽപ്പനക്കാരെ ഭാഗ്യം കനിയേണ്ടത്. ചേർത്തല ലോട്ടറി ഓഫീസിൽ നിന്നും കഴിഞ്ഞദിവസം യൂണിഫോം വിതരണം ചെയ്തപ്പോഴാണ് ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർക്കും ഭാഗ്യം വേണമെന്ന് പറച്ചിലുണ്ടായത്.
മെറൂണ്‍ നിറത്തിൽ വിതരണം ചെയ്ത യൂണിഫോമിൽ ചിലർക്ക് അരകൈയുള്ള ഷർട്ട് നല്കിയപ്പോൾ മറ്റുള്ളവർക്ക് ലഭിച്ചത് കൈയില്ലാത്ത ഓവർകോട്ടാണ്. അതുപോലെ തന്നെ ഇതിൽ തുന്നിച്ചേർത്തിട്ടുള്ള ലോട്ടറി ക്ഷേമനിധി ബോർഡിന്റെ മുദ്രകളിലും വ്യതാസമുണ്ട്.
ഓവർകോട്ടിൽ ലോട്ടറി ക്ഷേമനിധി ബോർഡ് എന്ന് വൃത്താകൃതിയിൽ ആലേഖനം ചെയ്ത് അതിനുള്ളിൽ ഒരു പക്ഷിയുടെ രൂപവും ഉള്ളപ്പോൾ ഷർട്ടിലാകട്ടെ മഞ്ഞനിറത്തിൽ ക്ഷേമനിധി ബോർഡ് എന്നൊന്നും കാണിക്കാതെ സൂര്യന്റെ ആകൃതിയിൽ ആലേഖനം ചെയ്തിട്ടുള്ള ഒരു മുദ്ര മാത്രമാണ് ഉള്ളത്.
രണ്ടുകൂട്ടരും ലോട്ടറി വിൽക്കാനായി എത്തിയപ്പോഴാണ് പൊതുജനങ്ങളിൽ ആശയകുഴപ്പം ഉണ്ടായത്. ചിലർ തങ്ങളാണ് യഥാർഥ ലോട്ടറി വിൽപ്പനക്കാരെന്ന് അവകാശപ്പെട്ടതോടെയാണ് തർക്കം ഉണ്ടായത്. ഇതേചൊല്ലി ചേർത്തലയിലും പരിസരപ്രദേശങ്ങളിലും ലോട്ടറിവിൽപ്പനക്കാർക്കിടയിൽ തർക്കം നിലനിൽക്കുകയാണ്.
ക്ഷേമനിധി അംഗങ്ങളല്ലാത്ത പ്രായം ചെന്ന ലോട്ടറി വില്പനക്കാർക്ക് ഇതുവരെയും യൂണിഫോം ലഭിച്ചിട്ടില്ലാത്തതിനാൽ യൂണിഫോം ഇല്ലാതെ ലോട്ടറി വില്ക്കുന്നവരെ യൂണിഫോം ധരിച്ചവർ തടയുന്ന സംഭവങ്ങളും ഉണ്ട്.