കളമശേരി: ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ തിരുത്തി 2000 രൂപ സമ്മാനത്തുകയെന്ന പേരിൽ ലോട്ടറി വില്പനക്കാരനിൽ നിന്ന് തട്ടിയെടുത്തതായി പരാതി. കളമശേരി വിടാക്കുഴയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് ട്രിച്ചി സ്വദേശി രാജേന്ദ്രൻ (48) ആണ് തട്ടിപ്പിന് ഇരയായത്.
ഇന്നലെ രാവിലെ ആലുവ റെയിൽവേ സ്റ്റേഷന് മുന്നിൽ ടിക്കറ്റ് വിൽക്കുമ്പോഴാണ് സംഭവം നടന്നത്. റെയിൽവേ ജീവനക്കാരനെന്ന വ്യാജേനയാണ് ഒരാൾ രാജേന്ദ്രന്റെ അടുത്തെത്തിയത്. മെയ് ഒന്നിന് നറുക്കെടുത്ത കേരള സർക്കാരിന്റെ രണ്ട് സ്ത്രീ ശക്തി ടിക്കറ്റ് നൽകി അടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന റിസൾട്ടുമായി പരിശോധിച്ചപ്പോൾ ഓരോ ടിക്കറ്റിലും ആയിരം രൂപ വീതം അടിച്ചതായി കണ്ടു. സമ്മാനം ലഭിച്ചതിന്റെ സന്തോഷം എന്ന നിലയിൽ രാജേന്ദ്രനിൽ നിന്നും 750 രൂപയുടെ പുതിയ ടിക്കറ്റും ബാക്കി 1250 രൂപയും വാങ്ങുകയും ചെയ്തു.
ഇതേ ലോട്ടറി ടിക്കറ്റുകൾ ഏജൻസി ഓഫീസിലെത്തി പരിശോധിച്ചപ്പോഴാണ് ടിക്കറ്റിലെ നമ്പർ വെട്ടി ഒട്ടിച്ചതായി കണ്ടെത്തിയത്. സമ്മാനത്തുക നൽകിയ ഒരു ടിക്കറ്റിലെ അവസാന അക്കങ്ങളായ 6517 എന്നതിൽ 7 വേറെ ലോട്ടറി ടിക്കറ്റിൽ നിന്നും വെട്ടിയെടുത്ത് ഒട്ടിച്ചതാണെന്ന് വ്യക്തമായി.
8812 എന്ന അക്കത്തിൽ അവസാനിക്കുന്ന രണ്ടാമത്തെ ടിക്കറ്റിൽ ആദ്യത്തെ എട്ടും വെട്ടി ഒട്ടിക്കുകയാണ് ചെയ്തത്. സൂക്ഷമമായി നോക്കിയാൽ മാത്രം വ്യക്തമാകുന്ന വിധത്തിലാണ് വ്യാജ നമ്പറുകൾ ഒട്ടിച്ചിരിക്കുന്നത്.6517 എന്ന നമ്പറിലുള്ള ടിക്കറ്റ് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ “നല്ലനേരം’ ലോട്ടറി ഏജൻസിയിൽ നിന്നും 8812 -ാം നമ്പർ ടിക്കറ്റ് തൃശൂർ ചെട്ടിയങ്ങാടി ധനലക്ഷ്മി ഏജൻസീസിൽ നിന്നും വാങ്ങിയവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തൃശൂർ സ്വദേശികളാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. ആലുവ പോലീസിൽ രാജേന്ദ്രൻ പരാതി നൽകി. സമാന രീതിയിൽ 3000 രൂപ മറ്റൊരു ലോട്ടറി ക്കാരനിൽ നിന്ന് കുറച്ചു നാൾ മുമ്പ് തട്ടിയെടുത്തിട്ടുണ്ട്.