നോട്ട് നിരോധനത്തില്‍ ലോട്ടറി മൊത്തവ്യാപാരികളും അടിതെറ്റി, പലര്‍ക്കും ലക്ഷങ്ങളുടെ നഷ്ടം

EKM-LOTTARYസ്വന്തം ലേഖകന്‍

തൃശൂര്‍: കറന്‍സി റദ്ദാക്കല്‍ മൂലം ഭാഗ്യക്കുറി മൊത്ത വ്യാപാരികള്‍ക്കു ഭീമമായ ദൗര്‍ഭാഗ്യം. ഭാഗ്യക്കുറിയെ കറന്‍സി ചതിച്ചതോടെ അഞ്ചു ലക്ഷം മുതല്‍ രണ്ടു കോടി വരെ രൂപയുടെ നഷ്ടമാണു ലോട്ടറി മൊത്തവ്യാപാരികള്‍ക്കുണ്ടായത്. സംസ്ഥാനത്തെ ഇരുനൂറോളം ലോട്ടറി മൊത്തവ്യാപാരികള്‍ ഇതോടെ തകര്‍ന്ന നിലയിലാണ്. ലോട്ടറി ടിക്കറ്റുകള്‍ക്കു പ്രതിദിന നറുക്കെടുപ്പ് തിങ്കളാഴ്ച പുനരാരംഭിക്കുമെങ്കിലും ടിക്കറ്റു വാങ്ങാന്‍പോലും ക്ലേശിക്കുന്നത്രയും പ്രതിസന്ധിയിലാണു പല മൊത്തവ്യാപാരികളും. പണത്തിന്റെ ലഭ്യത കുറഞ്ഞതോടെ സാധാരണക്കാര്‍ ലോട്ടറി ടിക്കറ്റു വില്‍പന 20 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

നോട്ടു നിരോധനത്തെത്തുടര്‍ന്ന് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായതോടെയാണ് ലോട്ടറി മൊത്തവ്യാപാരികളുടെ ദൗര്‍ഭാഗ്യത്തിനു തുടക്കം. ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിപ്പോകാതായപ്പോള്‍ സര്‍ക്കാര്‍ നറുക്കെടുപ്പ് മാറ്റിവച്ചു. പത്താം തീയതി മുതല്‍ 11 ദിവസത്തെ നറുക്കെടുപ്പാണ് ഇങ്ങനെ മാറ്റിവച്ചത്. ഇതോടെ ടിക്കറ്റു വാങ്ങാന്‍ ആരും തയാറാകാതായി. എന്നാല്‍ ഈ ദിവസങ്ങളിലെ ലോട്ടറി ടിക്കറ്റുകള്‍ പത്തു ദിവസം മുമ്പേ സര്‍ക്കാരിനു പണം അടച്ച് ഒരാഴ്ച മുമ്പേ മൊത്തവ്യാപാരികള്‍ കൈപ്പറ്റിയിരുന്നു.

ഇങ്ങനെ കൈപ്പറ്റിയ ടിക്കറ്റുകള്‍ നോട്ടു റദ്ദാക്കലിനെത്തുടര്‍ന്ന് വില്‍ക്കാനാകാതെ കെട്ടിക്കിടന്നതാണ് മൊത്തവ്യാപാരികളെ തകര്‍ത്തുകളഞ്ഞത്. സര്‍ക്കാരിന്റെ ലോട്ടറി ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് ഏറ്റെടുക്കുന്ന ടിക്കറ്റുകള്‍ മൊത്ത വ്യാപാരികളാണ് ഇടത്തരം ചെറുകിട വ്യാപാരികള്‍ക്കു ചില്ലറ വ്യാപാരത്തിനായി വില്‍ക്കുന്നത്. മുപ്പതു രൂപയുടെ ടിക്കറ്റ് 22.80 രൂപയ്ക്കും  50 രൂപയുടെ ടിക്കറ്റ് 35.85 രൂപയ്ക്കുമാണു മൊത്തവ്യാപാരികള്‍ക്കു ലഭിക്കുക. ചെറിയ കമ്മീഷനെടുത്തശേഷമാണു ചില്ലറ വ്യാപാരികള്‍ക്കു നല്‍കുക.

പ്രതിദിന വാടകയായി 1500 രൂപ മുതല്‍ അയ്യായിരം വരെ രൂപ നല്‍കിയാണു മിക്ക നഗരങ്ങളിലും ലോട്ടറി വ്യാപാരികള്‍ കച്ചവടം നടത്തുന്നത്.  ഇപ്പോള്‍ ഭാഗ്യക്കുറിയില്‍നിന്ന് വാടകയ്ക്കുള്ള പണംപോലും വിറ്റുവരവു ലഭിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.

Related posts