നോട്ട് ക്ഷാമത്തില്‍ ലോട്ടറി വില്‍പ്പനക്കാരും പട്ടിണിയില്‍. നിത്യച്ചെലവിനു പണം കണ്ടെത്തുന്നവരാണ് ലോട്ടറി മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും. ലോട്ടറി വിറ്റു കിട്ടുന്ന കമ്മീഷനില്‍ നിന്നുമാണ് തൊഴിലാളികള്‍ കുടുംബം പുലര്‍ത്തുന്നത്.
കറന്‍സി നിരോധനം ഏര്‍പ്പെടുത്തിയതോടെ ലോട്ടറി തൊഴിലാളികളുടെ ജീവിതവും താറുമാറായി. 16 വര്‍ഷമായി കോട്ടയം വൈഎംസിഎയ്ക്കു സമീപം ലോട്ടറി വില്‍ക്കുന്ന ചന്ദ്രിക ഉണ്ണികൃഷ്ണന്‍ പറയുന്നതു ഇതിലും ഭേദം മോദി ജനങ്ങള്‍ക്ക് വിഷം കലക്കി നല്‍കിയാല്‍ മതിയെന്നാണ്. ഇഞ്ചിഞ്ചായി മോദി ജനങ്ങളെ കൊല്ലുകയാണെന്നും ചന്ദ്രിക പറയുന്നു.
ജീവിതം താറുമാറായി
ലോട്ടറി തൊഴിലാളികളുടെ ജീവിതത്തില്‍ മറക്കാനാകാത്ത ദിവസങ്ങളിലൊന്നാണ് നവംബര്‍ എട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കറന്‍സി നിരോധിച്ചത് അന്നാണ്.
വലിയ വിദ്യാഭ്യാസമില്ലാത്തവരാണ് ലോട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവരും. ശരിക്കും അശരണരായ സാധാരണക്കാര്‍. നോട്ട് പിന്‍വലിച്ചതിനെക്കുറിച്ച് ആദ്യം കാര്യങ്ങളൊന്നും അറിയില്ലായിരുന്നു ഇവര്‍ക്ക്. പിറ്റേന്നു മുതല്‍ എല്ലാ മേഖലയിലും പ്രതിസന്ധി രൂക്ഷമായപ്പോഴാണ് തങ്ങള്‍ക്കു പണികിട്ടിയ കാര്യം ഇവര്‍ അറിയുന്നത്. അതോടെ ലോട്ടറി വാങ്ങാന്‍ ആളില്ലാതെയായി. കൈയിലുള്ള ലോട്ടറി വിറ്റുപോകാതെയായി. ലോട്ടറിയെടുക്കാന്‍ വരുന്നവരില്‍ പലരും പഴയ 1000ന്റെയും 500ന്റെയും നോട്ടുമായി എത്താന്‍ തുടങ്ങി. ചില്ലറ കൊടുക്കാന്‍ നിവര്‍ത്തിയില്ലാതായതോടെ പലരും ലോട്ടറി എടുക്കാതെ മടങ്ങി.
2000ന്റെ നോട്ട് എത്തിയപ്പോഴും സ്ഥിതിഗതികള്‍ പഴയതുപോലെ തന്നെ. ചില്ലറ മാറാനാണ് പലപ്പോഴും പൊതുജനങ്ങള്‍ ലോട്ടറി കച്ചവടക്കാരെ സമീപിക്കുന്നത്. അതോടെ വില്‍പ്പന മുടങ്ങി. കൈയിലിരിക്കുന്ന ലോട്ടറി മൊത്തവ്യാപാരികള്‍ തിരിച്ചെടുക്കാതെയായി. വില്‍പ്പനയില്ലാതെ പണം ലഭിക്കാതെയായി. അതോടെ പട്ടിണി ആരംഭിച്ചു. വിവിധ യൂണിയന്റെ നേതൃത്വത്തില്‍ ലോട്ടറി തൊഴിലാളികള്‍ക്ക് അരിവിതരണം ചെയ്തിരുന്നു. അതു ലഭിച്ചതോ യൂണിയനില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് മാത്രം. ബാക്കിയുള്ളവര്‍ മുഴുപട്ടിണിയിലും.
നോട്ട് നിരോധനവും റേഷന്‍പ്രതിസന്ധിയും
നോട്ട് നിരോധനത്തിന്റെ പിന്നാലെ റേഷന്‍ പ്രതിസന്ധിയും വന്നതോടെ ലോട്ടറി തൊഴിലാളികള്‍ പട്ടിണിയിലേക്കായി. നഗരത്തിനു സമീപമുള്ള പല പ്രദേശങ്ങളില്‍ നിന്നും നഗരത്തിലെത്തി ലോട്ടറി കച്ചവടം നടത്തുന്നവരാണ് പലരും. അതും ശാരീരിക ന്യൂനതകളും വേറെ ജോലി ചെയ്യാന്‍ കഴിയാത്തവരും പ്രായമായവരുമാണ് ലോട്ടറി വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ലോട്ടറി വിറ്റുകിട്ടുന്ന പണം കൊണ്ടാണു നിത്യച്ചെലവു കണ്ടെത്തുന്നത്. ലോട്ടറി വില്‍പ്പന ഇടിഞ്ഞതോടെ മുഴുപട്ടിണിയായി. അതിനോടൊപ്പം റേഷന്‍ കടകളില്‍ നിന്നും അരിയും മറ്റു സാധനങ്ങളും കിട്ടാതെയുമായി. ലോട്ടറി നറുക്കെടുപ്പും കറന്‍സി പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവച്ചതും ലോട്ടറി തൊഴിലാളികളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.
എന്തു ചെയ്യണമെന്നറിയാതെ
ലോട്ടറി തൊഴിലാളികളിലേറെയും കുടുംബത്തില്‍ ഒരുപാട് ബാധ്യതയുള്ളവരാണ്. കുട്ടികളുടെ ഫീസ്, മരുന്ന്, വീട്ടുചെലവ് തുടങ്ങിയ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. നിലവിലുള്ള സാഹചര്യം തുടര്‍ന്നാല്‍ ആത്മഹത്യചെയ്യുകയേ വഴിയുള്ളൂവെന്നാണ് ലോട്ടറി തൊഴിലാളികള്‍ പറഞ്ഞത്. കറന്‍സി പിന്‍വലിച്ച് ഇത്രയും ദിവസമായിട്ടും എല്ലാ പഴയതുപോലെയാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവര്‍. ലക്ഷക്കണക്കിനു തൊഴിലാളികള്‍ ജോലി ചെയ്യുന്ന ലോട്ടറി മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.