ഇരിങ്ങാലക്കുട: കോടീശ്വരന്റെ വീട്ടിലേക്ക് വീണ്ടും ലക്ഷപ്രഭു വിരുന്നിനെത്തിയെന്ന നാട്ടുപ്രയോഗം പോലെയായി മേയ് 27നു നടന്ന വിൻവിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. കഴിഞ്ഞവർഷം കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച മാപ്രാണം സ്വദേശി പോട്ടയിൽ പി.കെ.സുബ്രഹ്മണ്യനാണ് ഇക്കഴിഞ്ഞ ദിവസം വിൻവിൻ ഭാഗ്യക്കുറിയുടെ ( ഡബ്ല്യു.സി. 554258) ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത്. കെഎസ്ഇബിയിലെ റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനീയറാണ് ഈ അപൂർവ ഭാഗ്യവാൻ.
മാപ്രാണം സെന്ററിലെ ആർ – 7165 എന്ന രജിസ്റ്റർ നന്പറിലുള്ള സെവൻ സ്റ്റാർ ലോട്ടറി ഏജൻസിയിൽനിന്നാണ് സമ്മാനാർഹമായ ഈ രണ്ടു ടിക്കറ്റുകളും എടുത്തതെന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ലോട്ടറിക്കടയിൽനിന്നും വിറ്റ മറ്റൊരു ടിക്കറ്റിനും വേറൊരാൾക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.