വളമംഗലം: കേരള സർക്കാരിന്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപയ്ക്കു പെയിന്റിംഗ് തൊഴിലാളി അർഹനായി. കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡ് എഴുപുന്ന കോട്ടോത്തു കോളനിയിൽ താമസിക്കുന്ന രാമചന്ദ്ര(45)നാണ് 29 ന് നറുക്കെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത്. മഴക്കാലമായതിനാൽ കുറെ ദിവസമായി രാമചന്ദ്രൻ പണിയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം കുത്തിയതോട് വൈദ്യുതി ഓഫീസിൽ ബില്ലടയ്ക്കാൻ പോയി. ബില്ലടച്ച് ബാക്കി വന്ന 30 രൂപയ്ക്ക് കുത്തിയതോട്ടിൽ നിന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്. ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് രാമചന്ദ്രനും അച്ഛൻ പരമേശ്വരനും കഴിയുന്നത്. സമ്മാനാർഹമായ ടിക്കറ്റ് എഴുപുന്ന തെക്ക് സർവീസ് സഹകരണ ബാങ്കിൽ ഏല്പിച്ചു.