ട്വിസ്റ്റുകള് സിനിമയില് പതിവാണെങ്കിലും അതിനെ വെല്ലുന്ന ട്വിസ്റ്റുകളാണ് മൈനാഗപ്പള്ളി ഷാനവാസ് മന്സിലില് പൂക്കുഞ്ഞിന്റെ ജീവിതത്തില് സംഭവിച്ചത്.
കഴിഞ്ഞ ദിവസം അക്ഷയ ലോട്ടറി ഒന്നാം സമ്മാനം തേടിയത്തിന്റെ അമ്പരപ്പിലും ആശ്വാസത്തിലുമാണ് പൂക്കുഞ്ഞ്.
ഇനി കാര്യത്തിലേക്ക് വരാം…ബാങ്കില് നിന്നും ജപ്തി നോട്ടീസ് എത്തി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുമ്പോഴാണ് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തില് പൂക്കുഞ്ഞിന്റെ വീട്ടിലേക്ക് കയറി വന്നത്.
മത്സ്യവില്പന നടത്തുന്ന പൂക്കുഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് അക്ഷയ എകെ 570 ലോട്ടറി എടുക്കുന്നത്.
തുടര്ന്ന് നടക്കാന് പോകുന്ന സ്വപ്നതുല്യമായ കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ആ സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്നില്ല.
മീന് വിറ്റ് വരുന്ന വഴിയിലാണ് മൈനാഗപ്പള്ളി പ്ലാമൂട്ടില് ചന്തയില് ചെറിയതട്ടില് ലോട്ടറി വില്പ്പന നടത്തുന്ന വയോധികന്റെ കയ്യില് നിന്ന് ലോട്ടറി വാങ്ങുന്നത്.
ലോട്ടറിയുമായി വീട്ടിലെത്തി അല്പം കഴിഞ്ഞ് രണ്ട് മണിയോടെ കരുനാഗപ്പള്ളി കോര്പ്പറേഷന് ബാങ്ക് കുറ്റിവട്ടം ശാഖയില് നിന്ന് പൂക്കുഞ്ഞിനെ തേടി ജപ്തി നോട്ടീസും എത്തി.
എട്ട് വര്ഷം മുമ്പ് വീട് വയ്ക്കുന്നതിന് ബാങ്കില് നിന്ന് 7.45 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് കുടിശ്ശികയായി ഒമ്പത് ലക്ഷമായി. ഇതോടെയാണ് ജപ്തി നോട്ടീസ് എത്തിയത്.
ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ നോട്ടീസും കയ്യില് പിടിച്ച് ഇരിക്കുമ്പോഴാണ് ഉച്ചയ്ക്കെടുത്ത AZ 907042 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന വാര്ത്ത അറിയുന്നത്.
സഹോദരനാണ് വിളിച്ചു പറഞ്ഞത്, ആദ്യം വിശ്വാസം വന്നില്ല, പിന്നീടാണ് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ തേടിയെത്തിയെന്ന സത്യം പൂക്കുഞ്ഞ് വിശ്വസിക്കുന്നത്.
ജപ്തി നോട്ടീസുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന തനിക്ക് പിടിവള്ളി തന്നതിന് ദൈവത്തിന് സ്തുതി പറയുകയാണ് പൂക്കുഞ്ഞ്.
മുംതാസാണ് പൂക്കുഞ്ഞിന്റെ ഭാര്യ. വിദ്യാര്ഥികളായ മുനീര്, മുഹ്സിന എന്നിവരാണ് മക്കള്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് അക്ഷയ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AO 534881 എന്ന നമ്പരിനാണ് ലഭിച്ചത്. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില.