ചാലക്കുടി: കഴിഞ്ഞ ദിവസം അറസ്റ്റിലായ അന്തർസംസ്ഥാന ലോറിമോഷണ സംഘത്തെ റിമാൻഡ് ചെയ്തു. നോർത്ത് പറവൂർ കളരിത്തറ ടോറസ് ബൈജു എന്ന ബൈജു (44), തമിഴ്നാട് പെരന്പല്ലൂർ ശെൽവകുമാർ എന്ന് ആൾട്ടറേഷൻ ശെൽവം (38) എന്നിവരെയാണ് തമിഴ്നാട്ടിലെ പെരന്പല്ലൂർ കൗൾപാളയത്തുനിന്നു ചാലക്കുടി എസ്ഐ ജയേഷ്ബാലനും സംഘവും അറസ്റ്റുചെയ്തത്.
ചാലക്കുടി പോട്ടയിൽനിന്നും കഴിഞ്ഞ സെപ്റ്റംബറിൽ മോഷണം പോയ ടോറസ് ലോറിയെപ്പറ്റി ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാനായത്. പകൽസമയം കാറിൽ ഹൈവേകൾ കേന്ദ്രീകരിച്ച് കറങ്ങുന്ന സംഘം വാഹനങ്ങൾ കണ്ടുവച്ച് രാത്രിയിൽ അവിടെയെത്തി മോഷണം നടത്തി തമിഴ്നാട്ടിലേക്കു കടക്കുകയാണ് പതിവ്.
തമിഴ്നാട്ടിൽ കളവുലോറികൾ വാങ്ങുന്നവരുടെ ഓർഡർപ്രകാരം വിവിധ മോഡൽ ലോറികൾ തേടിനടന്നു മോഷ്ടിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. പെരന്പല്ലൂർ സ്വദേശിയായ ഒരു വാഹനബ്രോക്കറുടെ ആവശ്യപ്രകാരം അശോക് ലൈലാൻഡ് ടോറസ് ടിപ്പർ മോഷണം നടത്താൻ കേരളത്തിലെത്തിയ സംഘം പോട്ട ഹൈവേയിൽ പാർക്കുചെയ്തിരുന്ന ലോറി കണ്ടെത്തി അന്നുതന്നെ മോഷണം നടത്തിയിരുന്നു.
ലോറി മോഷ്ടിക്കുന്നതിനു മുന്പ് കണ്ടീഷൻ പരിശോധിച്ചതിനുശേഷമാണ് ഡ്രൈവർ കൂടിയായ ബൈജു മോഷണം നടത്താറുള്ളത്. കേരളത്തിലെയും തമിഴ്നാട്ടിലെയും വഴികളെല്ലാം പരിചയമുള്ള ഇവർ മോഷണശേഷം ലോറികൾ പെരന്പല്ലൂരിലെ വർക്ക്ഷോപ്പിലെത്തിക്കുകയാണ് പതിവ്. ലോറിമോഷണത്തിനായി മാത്രം കേരളത്തിലെത്തുന്ന ബൈജു നാമക്കൽ ജ്യോതിപുരത്തെ വാടകവീട്ടിലാണ് താമസം. പെരന്പല്ലൂർ കൗൾപാളയത്തെ ഒരു മലയടിവാരത്തു വർക്ക് ഷോപ്പ് നടത്തുന്ന ശെൽവകുമാർ ഒരുദിവസം കൊണ്ട് ലോറിയുടെ രൂപം മാറ്റും.
ക്യാബിൻ, പ്ലാറ്റ്ഫോം, ടയറുകൾ, ഡീസൽ ടാങ്ക് എന്നിവ പരസ്പരം മാറ്റി പുതിയ പെയിന്റടിച്ച് സ്റ്റിക്കർ വർക്ക് നടത്തി തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ വില്പന നടത്തും. ചാലക്കുടിയിൽനിന്നും മോഷ്ടിച്ച ലോറി ദിണ്ഡിവനത്തിനടുത്തുള്ള ഒരു പാറമടയിൽനിന്നാണ് കണ്ടെടുത്തത്.
ഇവരെ ചോദ്യംചെയ്തതിൽനിന്ന് അഞ്ചു മാസത്തിനിടെ കഴക്കൂട്ടം, ആലപ്പുഴ, മായിത്തറ, ഇരിങ്ങാലക്കുട, തമിഴ്നാട് ചെട്ടിപ്പാളയം, അങ്കമാലി മഞ്ഞപ്ര, മതിലകം, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിൽനിന്നു ലോറികൾ മോഷണം നടത്തിയതായി വിവരം ലഭിച്ചു.
ബൈജുവിനെതിരേ കണ്ണൂർ പഴയങ്ങാടി, ഗുണ്ടൽപേട്ട്, കർണാടകയിലെ മാണ്ഡ്യ, ആലത്തൂർ എന്നിവിടങ്ങളിൽ സ്പിരിറ്റ് കടത്തിയതിനും മൈസൂരിൽ കവർച്ച നടത്തിയതിനും കേസുകൾ നിലവിലുണ്ട്. മൈസൂർ കവർച്ചക്കേസിൽ ശിക്ഷ ലഭിച്ച് പുറത്തിറങ്ങിയശേഷമാണ് തമിഴ്നാട്ടിലെ വാഹനമോഷസംഘത്തിനൊപ്പം ചേർന്നത്. ഒല്ലൂർ, കുന്നംകുളം, പെരുന്പാവൂർ, ആലുവ, അടിമാലി, തൃശൂർ, കൊടുവള്ളി എന്നിവിടങ്ങളിൽ ലോറിമോഷണം നടത്തിയ കേസുകളിലും ഇയാൾ പ്രതിയാണ്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്രയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുൽഹമീദ്, സിഐ വി.ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കരൂർ, ട്രിച്ചി, പെരന്പല്ലൂർ, ദിണ്ഡിവനം, ദിണ്ഡിഗൽ, മണപ്പാറ, അവിനാശി, ഉത്തമപാളയം എന്നിവിടങ്ങളിലെ ലോറി ട്രാൻസ്പോർട്ട് ഓഫീസുകൾ, വാഹന ബ്രോക്കർമാർ, ക്രഷറുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും ഡിവൈഎസ്പി അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാ ക്കിയശേഷം റിമാൻഡ് ചെയ്തു.
എസ്ഐ വത്സകുമാർ, എഎസ്ഐ ഷാജു എടത്താടൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മഠപ്പാട്ടിൽ, പി.എം. മൂസ, വി.എസ്.അജിത്ത്കുമാർ, വി.യു.സിൽജോ, ഷിജോ തോമസ്, എ.യു. റെജി, രാജേഷ് ചന്ദ്രൻ, പി.സി.ബൈജു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.