കൊല്ലം: ലോട്ടറി സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചെന്ന് കേരള സർക്കാർ വ്യാജ പ്രചരണം നടത്തുകയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരള ഭാഗ്യക്കുറിയുടെ സമ്മാനങ്ങളുടെ കുറവ് പരിഷ്കരിച്ച് പൊതുജനങ്ങള്‍ക്ക് സ്വീകാര്യമാകുംവിധം സമ്മാനഘടന പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നിരന്തരമായി വിവിധ സമരങ്ങള്‍ ഇതിനകം നടത്തിയിരുന്നു.
സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചെന്ന തരത്തില്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്കുകയുണ്ടായി. സമരം നടത്തിയ സാധാരണക്കാരായ തൊഴിലാളികളുടെയും ടിക്കറ്റെടുക്കുന്ന പൊതുജനത്തിന്റെയും കണ്ണില്‍ പൊടിയിടുംവിധമാണ് പരസ്യം നല്‍കിയിരിക്കുന്നതെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ആരോപിച്ചു.തെറ്റിധാരണ ഉണ്ടാകുംവിധം പരസ്യം നല്കിയവരില് നിന്നും പരസ്യത്തിന് ചിലവായ രൂപ തിരികെ പിടിക്കണം. ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ജിഎസ്ടി യിലൂടെ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുന്നതിനാല്‍ വിറ്റുവരവിന്റെ അറുപത് ശതമാനം തുക പൊതുജനങ്ങള്‍ക്ക് സമ്മാനമായി നല്‍കണമെന്നാണ് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സമ്മാനതുകയില്‍ യാതൊരു വര്‍ധനവും വരുത്താതെ സര്‍ക്കാര്‍ നടത്തുന്ന നീക്കം അന്യസംസ്ഥാന ലോട്ടറികളെ സഹായിക്കുവാനാണെന്ന പരാതിയുണ്ട്.
രണ്ടര ലക്ഷം വരുന്ന ലോട്ടറി വില്പന തൊഴിലാളികളുടെ ജീവിതമാര്‍ഗമായ ഈ വ്യവസായം നിലനിര്‍ത്തുവാനുള്ള സമരം ശക്തമാക്കും. ലോട്ടറിമേഖലയിലെ മറ്റ് സംഘടനകളുമായി ആലോചിച്ച് ലോട്ടറി ബന്ദ് ഉള്‍പ്പെടെയുള്ള ശക്തമായ സമരങ്ങള്‍ സംയുക്തമായി നടത്തുവാനും യോഗം തീരുമാനിച്ചു.
സമയ ബന്ധിതമായി സമ്മാനാര്‍ഹര്‍ക്ക് സര്‍ക്കാര്‍ സമ്മാനങ്ങള്‍ മാറി നല്‍കുന്നില്ല. പൊതുജനങ്ങളില്‍നിന്നും ശേഖരിക്കുന്ന ചെറിയ തുകയ്ക്കുള്ള സമ്മാനടിക്കറ്റുകള്‍ വ്യാപാരികള്‍ക്ക് മാറിനല്‍കുന്നതിന് ജില്ലാ ഓഫീസുകളില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നു. മാറി നല്‍കാനുള്ള ബാധ്യതയില്ല എന്ന രീതിയിലാണ് ജില്ലാ ഓഫീസറുടെ പെരുമാറ്റം. ലോട്ടറി ഉപജീവനമാക്കിമാറ്റിയ തൊഴിലാളികളെയും വ്യാപാരികളെയും ദ്രോഹിക്കുന്ന സര്‍ക്കാരിന്റെയും ജില്ലാ ലോട്ടറി ഓഫീസറുടെയും നടപടികള്‍ക്കെതിരെ ് ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു.
യൂണിയന് സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ഒ.ബി.രാജേഷ്, പി.വി.പ്രസാദ്, വി.പി.ഡാന്റസ്, മുരളിധരന് നായര്‍, വിളയത്ത് രാധാകൃഷ്ണന്, പള്ളിമുക്ക് എച്ച്. താജുദീന്, എം.എസ്.ശ്രീകുമാര്‍, ഷിഹാബുദീന്‍, എ.കെ.താജുദീന്, അബ്ദുള്‍കരിം പത്തനാപുരം, ആദിനാട് രാജു, അബുബേക്കര്‍, ചൂളൂര്‍ റഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.