കൊച്ചി: കേരള ലോട്ടറി ഏജന്റ്സ് ഫെഡറേഷന്റെ (കെഎൽഎഎഫ്) നേതൃത്വത്തിൽ കാഴ്ചയില്ലാത്ത ഭാഗ്യക്കുറി തൊഴിലാളികളുടെ സംഗമം നാളെ നടക്കും. എറണാകുളം കലൂർ മണപ്പാട്ടിപ്പറന്പ് മെക്ക ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുന്ന പൊതുസമ്മേളനം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കെഎൽഎഎഫ് സംസ്ഥാന പ്രസിഡന്റ് ചെറിയാച്ചൻ തെരുവിപ്പറന്പിൽ അധ്യക്ഷത വഹിക്കും.
ലോട്ടറി മേഖലയെ വൻകിട മുതലാളിമാർക്കു തീറെഴുതി നൽകി കാഴ്ചയില്ലാത്ത ഭാഗ്യക്കുറി ഏജന്റുകളുടെ ജീവിതമാർഗം സർക്കാർ തകർക്കുകയാണെന്നു ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരേ ടിക്കറ്റുകൾ നിർത്തലാക്കുക, ലോട്ടറി സമ്മാനഘടന പരിഷ്കരിക്കുക, ലോട്ടറിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുക, ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണു സംഗമത്തിൽ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിൽ ഉൾപ്പെട്ട 18 പേർക്കു പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതിക്കും സംഗമത്തിൽ തുടക്കം കുറിക്കും. അഗസ്റ്റിൻ ജോസഫ്, എസ്. കൃഷ്ണകുമാരി, കെ.വി. കുഞ്ഞമ്മ, എസ്. സുഭീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.