കോഴിക്കോട്: മൂന്നുദിവസം മുന്‍പ് തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍വന്ന് ഉടന്‍ നന്മവരുമെന്ന് അനുഗ്രഹിച്ചിട്ടുപോയി…കൃത്യം മൂന്നാം ദിനം എത്തിയത് മൺസൂൺ ബംപറിന്റെ പത്ത് കോടിയുടെ ഭാഗ്യവും.
ലോട്ടറി അടിച്ചതിനേക്കാള്‍ വലിയ അമ്പരപ്പാണ് ഇതുപറയുമ്പോള്‍ പരപ്പനങ്ങാടിയിലെ ഹരിതകര്‍മസേനാംഗങ്ങളായ 11 വനിതകള്‍ക്കും.
ഇദ്ദേഹം എവിടെനിന്നുവന്നെന്നോ എന്തിനിത് പറഞ്ഞെന്നോ അറിയില്ലെന്നും വെറുംവാക്കായി അത് അന്നും തങ്ങള്‍ക്ക് തോന്നിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
ലോട്ടറി ടിക്കറ്റ് വിലയായ 250 രൂപ തികയ്ക്കാനില്ലാതെ നട്ടംതിരിഞ്ഞപ്പോഴും ലോട്ടറി എടുക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് മറിച്ചൊരു ചിന്തയുണ്ടായിരുന്നില്ല.
ഒരാള്‍ അമ്പത് രൂപ എടുക്കണം. അത് കുറച്ച് കൂടതലല്ലേ.. ഒടുവില്‍ 25ന് ഉറപ്പിച്ചു. 250 രൂപ റൗണ്ടാക്കി ലോട്ടറി ടിക്കറ്റും എടുത്തു. പടികയറി വന്നത് 10 കോടിയുടെ ഭാഗ്യവും.
എത്രയോ കാലമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നു. ഭാഗ്യമില്ലെന്ന് എല്ലാവരും പറഞ്ഞു…ഇപ്പോഴെങ്ങനെയുണ്ട്..ആനന്ദക്കണ്ണീര് പൊഴിച്ചുകൊണ്ട് ഇവര്‍ ചോദിക്കുന്നു.
ലോട്ടറി അടിച്ചെന്ന് ഏജന്റ് വിളിച്ച് പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. ഇപ്പോള്‍ സങ്കടവും സന്തോഷവും എല്ലാം കൂടി എന്തെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്.
പരപ്പനങ്ങാടി സ്വദേശികളായ ശോഭ, പാര്‍വതി, കാര്‍ത്ത്യായനി, ലക്ഷ്മി, ബിന്ദു, ലീല, ബേബി, കുട്ടിമാളു, രാധ, ചന്ദ്രിക, ഷീജ എന്നിവര്‍ കൂട്ടായെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കഴിഞ്ഞ മാസം 15നാണ് മൺസൂൺ ബംപറിന്റെഎംബി 200261 നമ്പര്‍ ടിക്കറ്റ് എടുത്തത്. പാലക്കാട് ഏജൻസിയിൽനിന്നു പരപ്പനങ്ങാടിയിലെത്തിയ ആളാണ് ഇവർക്ക് ടിക്കറ്റ് വില്പന നടത്തിയത്.
ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണൽ ബാങ്കിൽ ഏൽപ്പിച്ചു. എപ്പോഴും എല്ലാവരും ഒരുമിച്ചാണ് ടിക്കറ്റ് എടുക്കാറുളളതെന്നും ബംപറടിക്കുകയാണെങ്കില് പടക്കം പൊട്ടിക്കണമെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നെന്നും ഇവര്‍ പറയുന്നു.